ഒരു തുടക്കക്കാരൻ ഓഹരി വിപണിയിൽ നിക്ഷേപിച്ച് തുടങ്ങണമെങ്കിൽ അയാൾ ഓഹരി വിപണിയെക്കുറിച്ച് നന്നായി പഠിക്കേണ്ടിയിരിക്കുന്നു. പലതരം പുസ്തകങ്ങൾ വായിക്കുകയാണ് അതിനു നല്ല ഒരു മാർഗ്ഗം, സാവി മലയാളി പോലെയുള്ള ഓൺലൈൻ സൈറ്റുകളും നോക്കുന്നത് നല്ലതാണ്. ഷെയർ മാർക്കറ്റിനെപ്പറ്റി നല്ലപോലെ മനസിലാക്കിയതിനു ശേഷം ഒരു ഓൺലൈൻ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ട് എടുക്കണം, അതിനായി ഏതെങ്കിലും ഒരു ബ്രോക്കർ കമ്പനിയെ സമീപിക്കണം. അത് കഴിഞ്ഞാൽ ഒരു തുടക്കക്കാരൻ ഓഹരി വിപണിയിൽ ഏറ്റവും കുറഞ്ഞത് ഒരു ഓഹരി എങ്കിലും വാങ്ങിക്കൊണ്ട് നിക്ഷേപം തുടങ്ങേണ്ടാതാണ്.
ഓഹരി വിപണിയിലെ നിക്ഷേപം എന്നാൽ ഒരു പബ്ലിക് കമ്പനിയുടെ ഉടമസ്ഥതാ അവകാശത്തിന്റെ ഒരു ചെറിയ ഭാഗം വാങ്ങുക എന്നാണ്. ഇങ്ങനെ വാങ്ങുന്ന ഭാഗങ്ങളെ ഓഹരി, സ്റ്റോക്ക് അല്ലെങ്കിൽ ഷെയർ എന്നെല്ലാം പറയും. നിങ്ങൾ വാങ്ങി കഴിഞ്ഞ് ചിലപ്പോൾ ഓഹരിയുടെ വില വർദ്ധിക്കുകയും മറ്റുള്ളവർ വാങ്ങാൻ തയ്യാറാകുകയും ചെയ്യാം, അങ്ങനെ നിങ്ങൾ അത് വിൽക്കുകയും അവിടെ നിങ്ങൾ ലാഭം നേടുകയും ചെയ്യും.
നിക്ഷേപം തുടങ്ങും മുൻപ് താഴെപ്പറഞ്ഞ കാര്യങ്ങൾ ശ്രദ്ദിക്കുക.
എങ്ങനെ നിക്ഷേപിച്ച് തുടങ്ങാം?
- നിങ്ങൾക്ക് എക്സ്ചേഞ്ചിൽ നിന്ന് നേരിട്ട് ഓഹരി വാങ്ങാൻ കഴിയില്ല അതിനാൽ ആദ്യം ഒരു ബ്രോക്കറെ തിരഞ്ഞെടുക്കുക.
- നല്ല ബ്രോക്കറെ കണ്ടെത്തിയാൽ ഒരു ട്രേഡിങ്ങ് അക്കൗണ്ട് തുറക്കുക, ട്രേഡിങ്ങ് അക്കൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ഓഹരിയുടെ വാങ്ങൽ വിൽക്കൽ എന്നിവ സാധ്യമാകൂ.
- ആ ബ്രോക്കർ തന്നെ നിങ്ങൾക്ക് വേണ്ടി ഒരു ഡീമാറ്റ് അക്കൗണ്ടും തുറക്കുന്നതാണ് (ഡീമാറ്റ് അക്കൗണ്ടിൽ ആണ് നിങ്ങൾ വാങ്ങുന്ന ഓഹരികൾ ഡിജിറ്റൽ രൂപത്തിൽ സൂക്ഷിക്കപ്പെടുന്നത്).
- നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഈ ഡീമാറ്റ് അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതാണ് (അഥവാ ബന്ധിപ്പിക്കുന്നതാണ്).
- ഇത്രയും സാധ്യമാകണമെങ്കിൽ നിങ്ങൾക്ക് ഒരു ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് ഉണ്ടാകേണ്ടതാണ് (ഉദാ: പാൻ കാർഡ്, ആധാർ കാർഡ്).
- ഇപ്പോൾ മിക്കവാറും എല്ലാ ബ്രോക്കർ കമ്പനികളും ആധാർ അധിഷ്ഠിത KYC (Know Your Customer) അല്ലെങ്കിൽ ആധാർ ഉപയോഗിച്ചുള്ള അംഗത്വ സ്ഥിരീകരണം നടത്തുന്നുണ്ട്.
- ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ബ്രോക്കർ കമ്പനി തരുന്ന വിവരങ്ങൾ വച്ച് ഓഹരി വാങ്ങുവാനും വിൽക്കുവാനും സാധിക്കുന്നതാണ്.
എന്തെല്ലാം ആണ് ഡീമാറ്റ് തുറക്കുവാൻ മുൻകൂട്ടി ആവശ്യം ഉള്ളത്?
- ബാങ്ക് അക്കൗണ്ട്.
- വിലാസം തെളിയിക്കാനുള്ള രേഖ. (eg: Passport)
- ഐഡന്റിറ്റി തെളിയിക്കാനുള്ള രേഖ. (eg: Passport)
- പാൻ കാർഡ്.
- ക്യാൻസൽ ചെയ്ത ചെക്ക് അല്ലെങ്കിൽ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ് മെന്റ്.
നിക്ഷേപം തുടങ്ങും മുൻപ് എന്തെല്ലാം കാര്യങ്ങൾ ആണ് മുൻകൂട്ടി തീരുമാനിക്കേണ്ടത്?
- ആദ്യം തന്നെ നിങ്ങളുടെ നിക്ഷേപത്തിന്റെ ഉദ്ദേശ്യം എന്താണെന്നും, നിക്ഷേപ ലക്ഷ്യം എന്താണെന്നും മുൻകൂട്ടി തീരുമാനിക്കണം.
- നിങ്ങളുടെ നഷ്ടം സഹിക്കാനുള്ള ശേഷി മനസിലാക്കണം. (അതായത് എത്ര രൂപ വരെ നഷ്ടം വന്നാൽ നിങ്ങൾക്ക് കുഴപ്പം ഇല്ലാതെ മുൻപോട്ട് പോകാൻ കഴിയും എന്നത്)
- നിങ്ങളുടെ നഷ്ട സംവഹണ ശേഷി അനുസരിച്ച് നിങ്ങളുടെ പോർട്ട്ഫോളിയോയെ വൈവിധ്യവൽക്കരിക്കണം. അതായാത് പല ഇൻഡസ്ട്രികളിലും പല സെക്ടറുകളിലുമായി നിക്ഷേപം നടത്തണം.
നേരിട്ടുള്ള ചിലവുകൾ ഏതെല്ലാം?
- ബ്രോക്കർ കമ്പനികൾ എല്ലാ വിൽക്കൽ വാങ്ങലുകൾക്കും നിശ്ചിത ശതാമാനം ബ്രോക്കർ ഫീ ഈടാക്കാറുണ്ട്, ഡിസ്കൗണ്ട് ബ്രോക്കർമാർ ഈടാക്കുന്ന ഫീ വളരെ കുറവാണ്.
- സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ ടാക്സ് (STT Securities Transaction Tax) ഓരോ ഇടപാടിനും ഈടാക്കും.
- ഓരോ ഇടപാടിനും എക്സ്ചേഞ്ചുകൾ ട്രാൻസാക്ഷൻ ചാർജുകൾ ഈടാക്കും.
- ബ്രോക്കറേജിനും, ട്രാൻസാക്ഷൻ ചാർജിനുമുള്ള 18% ജിഎസ്ടി(GST).
- സെബി എല്ലാ ട്രാന്സാക്ഷനും ഏകദേശം 0.0002% ചാർജ് ഈടാക്കും.
- സ്റ്റാമ്പ് ഡ്യുട്ടി ഇനത്തിൽ ഏകദേശം 0.015% എല്ലാ ഇടപാടിനും ഈടാക്കും.
- CDSL, NDSL എന്നീ ഡെപ്പോസിറ്ററികൾ ഈടാക്കുന്ന ചാർജുകൾ.
- വർഷം തോറും ബ്രോക്കർ കമ്പനികൾ ഈടാക്കുന്ന അവരുടെ ട്രേഡിങ്ങ് അക്കൗണ്ട് പരിപാലിക്കാനുള്ള ചാർജുകൾ (AMC (Account Maintenance Charges)).
നേരിട്ടല്ലാത്ത ചിലവുകൾ
- ഹ്രസ്വകാല മൂലധന നേട്ട നികുതി (Short Term Capital Gain Tax) – നിങ്ങളുടെ ഹോൾഡിംഗ് കാലയളവ് ഒരു വർഷത്തിൽ കവിയുന്നില്ലെങ്കിൽ ഹ്രസ്വകാല മൂലധന നേട്ട നികുതി ചുമത്തും, ഇത് 15% ഫ്ലാറ്റ് നിരക്കിലാണ് ഈടാക്കുന്നത്. ബാധകമായ സെസും സർചാർജും ഇതിന്റെ കൂടെ ഈടാക്കുന്നു. നിങ്ങൾക്ക് വരുന്ന ആദായ നികുതി സ്ലാബ് പരിഗണിക്കാതെയാണ് ഈ നിരക്ക് വരുന്നത്.
- ദീർഘകാല മൂലധന നേട്ട നികുതി (Long Term Capital Gain Tax) – പേര് സൂചിപ്പിക്കുന്നത് പോലെ, ഒരു വർഷത്തെ ഹോൾഡിംഗ് കാലയളവിന് ശേഷം നിങ്ങൾ നിങ്ങളുടെ സ്റ്റോക്ക് വിൽക്കുകയാണെങ്കിൽ, ആ മൂലധന നേട്ടങ്ങളെ ‘ദീർഘകാല മൂലധന നേട്ടം’ എന്ന് വിളിക്കുന്നു. പ്രതിവർഷം 1 ലക്ഷം രൂപ വരെയുള്ള ഈ നേട്ടങ്ങൾക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഏതൊരു ദീർഘകാല മൂലധന നേട്ടത്തിനും 10% നികുതി ചുമത്തും.
ഇത്രയുമാണ് ഒരു തുടക്കക്കാരൻ ഓഹരി വിപണിയിൽ എത്തുമ്പോൾ ഏറ്റവും ആദ്യം മനസിലാക്കേണ്ട കാര്യങ്ങൾ. കൂടാതെ ഓഹരി വിപണിയിലെ നഷ്ടം കുറയുവാനായി വിപണിയെപ്പറ്റി നന്നായി പഠിച്ച് മനസിലാക്കി മാത്രം നിക്ഷേപങ്ങൾ തുടങ്ങുക.