മികച്ച ഓഹരികൾ കണ്ടെത്താൻ ശ്രദ്ദിക്കേണ്ട പത്ത് കാര്യങ്ങൾ.
മികച്ച ഓഹരികൾ കണ്ടെത്താൻ എന്താണ് മാർഗ്ഗം? ഓഹരി വിപണിയിൽ സജീവമായി ഉള്ളവരും പുതിയതായി എത്തുന്നവരും വളരെ കാലമായി ചോദിക്കുന്ന ഒരു ചോദ്യമാണിത്. വളരെ അധികം സ്റ്റോക്കുകൾ ലിസ്റ്റ് ചെയ്തിട്ടുള്ള വിപണിയിൽ നിന്ന് ഏത് തിരഞ്ഞെടുക്കും? .
ഒരു സ്റ്റോക്ക് തിരഞ്ഞെടുക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾക്ക് പരിചിതമായ പേരുകളുള്ള കുറെ ഓഹരികൾ വാങ്ങി നിങ്ങളുടെ പോർട്ട്ഫോളിയോ നിറയ്ക്കാം, എന്നാൽ അതൊരു മികച്ച തന്ത്രമാണോ? അല്ല, പിന്നെ എന്താണ് മാർഗ്ഗം?.
ഏത് ഓഹരികൾ വാങ്ങണം എന്ന് അറിയാതെ പലരോടും അഭിപ്രായങ്ങൾ ചോദിക്കുന്നവരെ തിരഞ്ഞ് പിടിച്ച് അവരെ തെറ്റായ വിവരങ്ങൾ നൽകി അവരെ കൊണ്ട് പെന്നി സ്റ്റോക്കുകൾ പോലും വാങ്ങിപ്പിച്ച് വഞ്ചിക്കാൻ പലരും ഉണ്ട് എന്നതാണ് ദുഃഖകരമായ വസ്തുത.
എന്നാൽ ഇത്തരം ചതികളിൽ വീഴാതിരിക്കുവാൻ ആദ്യം വേണ്ടത് വിപണിയെ പറ്റിയും ഓഹരികളെ പറ്റിയും നന്നായി പഠിക്കുക എന്നതാണ്. അതിന് ശേഷം മാത്രം നിക്ഷേപിച്ച് തുടങ്ങുക.
നിങ്ങൾ ഒരു നിക്ഷേപകൻ ആണെങ്കിൽ നിങ്ങൾക്ക് ഓഹരി വിപണിയെ മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
മികച്ച ഓഹരികൾ കണ്ടെത്താൻ നിങ്ങൾ താഴെ പറയുന്ന പത്ത് കാര്യങ്ങൾ തീർച്ചയായും ശ്രദ്ദിക്കുക.
1. ഒരു ഓഹരിക്ക് പിന്നിലെ കഥകൾ.
നിങ്ങൾ ഒരു ഓഹരി വാങ്ങുവാൻ തീരുമാനിക്കുന്നു അതിനു ശേഷം ആ ഓഹരിയെ പറ്റി പഠിക്കാൻ ശ്രമിക്കുന്നു. ഉടൻ തന്നെ അതിന്റെ പിന്നിലെ പലകഥകളും നിങ്ങൾക്ക് കാണാൻ കഴിയും.
ഉദാഹരണത്തിന് തകർന്ന് കിടക്കുന്ന ഒരു കമ്പനിയെ അല്ലെങ്കിൽ ഒരു പെന്നി സ്റ്റോക്ക് കമ്പനിയെ മറ്റൊരു ഭീമൻ കമ്പനി ഏറ്റെടുക്കാൻ പോകുന്നു.
പലയിടങ്ങളിൽ നിന്നും ഇങ്ങനെയുള്ള തെറ്റായ വാർത്തകൾ നിങ്ങൾ കേൾക്കുകയും നിങ്ങൾ ആ ഓഹരി വാങ്ങി കൂട്ടുകയും ചെയ്യുന്നു, അവസാനം ആ ഓഹരി വർഷങ്ങളോളം നിങ്ങളുടെ കയ്യിൽ തന്നെ പെട്ട് പോകുന്ന അവസ്ഥ വന്നേക്കാം.
അപ്പോൾ നിങ്ങൾ ശ്രദ്ദിക്കേണ്ട കാര്യം എന്തെന്നാൽ ഇങ്ങനെ യുള്ള കഥകൾ വിശ്വസിക്കും മുൻപ് അതിന്റെ സത്യമായ കാര്യം തേടി കണ്ട് പിടിക്കുക എന്നതാണ്.
അതിന് വാട്സപ്പ് ഗ്രൂപ്പുകളും ടെലെഗ്രാം ഗ്രൂപ്പുകളും അല്ല നിങ്ങൾ പരിശോധിക്കേണ്ടത്, മികച്ച ബിസിനസ് മാസികകളും, പത്രങ്ങളും, ടീവി ചാനലുകളും ശ്രദ്ദിക്കുക. BSE, NSE എന്നിവയിൽ നൽകുന്ന വിവരങ്ങൾ പരിശോധിക്കുക.
കോർപ്പറേറ്റ് പ്രസ് റിലീസുകളും നിക്ഷേപക അവതരണ റിപ്പോർട്ടുകളും വിശകലനം ചെയ്യുവാൻ ശ്രമിക്കുക.
ഇങ്ങനെയുള്ള കഥകളെ പറ്റി വ്യക്തമായ അനലൈസ് നടത്തിമാത്രം ഒരു ഓഹരി വാങ്ങാൻ തീരുമാനിക്കുക.
2. മികച്ച ഓഹരികൾ കണ്ടെത്താൻ നിങ്ങൾക്ക് മനസ്സിലാക്കുന്ന കമ്പനികളെ മാത്രം തിരഞ്ഞെടുക്കുക.
ഒരു ഓഹരി വാങ്ങുമ്പോൾ നിങ്ങൾ കമ്പനിയുടെ ഭാഗിക ഉടമയാകുന്നു എന്ന് മനസിലാക്കുക. നിങ്ങൾ വാങ്ങിയ കമ്പനിയുടെ ബിസിനസ്സ് അഥവാ വ്യവസായം എന്തെന്ന് മനസിലാക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വയം പരാജയത്തിന് തയ്യാറെടുക്കുകയാണ് എന്നാണ് അർഥം.
ഇങ്ങനെ ഒന്ന് ചിന്തിച്ച് നോക്കുക, നിങ്ങൾക്ക് പരിചിതമല്ലാത്ത പ്രവർത്തനങ്ങളുള്ള ഒരു സ്ഥാപനത്തിന്റെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ നിങ്ങൾക്ക് കഴിയുമോ?
നിങ്ങൾ നിയമിക്കുന്ന മാനേജ്മെന്റ് അവർ മികച്ചവരാണെങ്കിൽ പോലും അവർ നല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ടോ എന്ന് നിങ്ങൾ എങ്ങനെ മനസിലാക്കും?
നാം ദിവസവും ഉപയോഗിക്കുന്നതോ അല്ലെങ്കിൽ കാണുന്നതോ പരിചയമുള്ളതോ ആയ നിരവധി ചരക്കുകളും സേവനങ്ങളും സൃഷ്ടിക്കുന്ന ബിസിനസ്സുകളുടെ ഓഹരികൾ നിക്ഷേപത്തിനായി പരിഗണിക്കുക.
അങ്ങനെയുള്ള കമ്പനികളിൽ തന്നെ വേറിട്ട് നിൽക്കുന്നതും പുതുമ ഉള്ളതുമായായ കമ്പനികൾ ആണെങ്കിൽ വളർച്ചാ സാധ്യത കൂടുതൽ ആയിരിക്കും.
നിങ്ങളെ നേരിട്ട് ബാധിക്കാത്ത ബിസിനസ്സുകളും പരിഗണിക്കുക. അതായത് ചില കമ്പനികൾ ഉപഭോക്താക്കളുമായി നേരിട്ട് ഇടപഴകേണ്ടുന്ന ബിസിനസ്സ് ആയിരിക്കില്ല ചെയ്യുന്നത്.
ഉദാഹരണമായി നിങ്ങൾ സൂപ്പർമാർക്കറ്റുകളിൽ ചെക്ക് ഔട്ട് ചെയ്യുമ്പോൾ നിങ്ങളുടെ പേയ്മെന്റ് സ്വീകരിക്കുന്ന ഉപകരണങ്ങൾ ആരാണ് നിർമ്മിക്കുന്നത്? ഫാർമസിയിൽ നിങ്ങൾ വാങ്ങുന്ന മരുന്നുകൾ ആരാണ് കൃത്യമായി നിർമ്മിക്കുന്നത്? അവർ എന്ത് ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്?
നിങ്ങളുടെ കാർ ശരിയാക്കുമ്പോൾ മെക്കാനിക്കുകൾ എവിടെ നിന്നാണ് പുതിയ സ്പെയർ പാർട്സുകൾ വാങ്ങുന്നത്, ആരാണ് സ്പെയർ പാർട്സുകൾ നിർമ്മിക്കുന്നത്? അങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കുക അപ്പോൾ തന്നെ പുതിയ നിക്ഷേപത്തിനുള്ള കമ്പനികൾ കണ്ടെത്താനുള്ള മാർഗങ്ങൾ കണ്ടെത്താൻ കഴിയുന്നതാണ്.
3. സാമ്പത്തിക അനുപാതങ്ങൾ അഥവാ ഫിനാൻഷ്യൽ റേഷ്യോകൾ മനസ്സിലാക്കുക.
ബാലൻസ് ഷീറ്റ്, പ്രോഫിറ്റ് ആൻഡ് ലോസ്സ് സ്റ്റേറ്റ് മെൻറ്, ക്യാഷ് ഫ്ലോ സ്റ്റേറ്റ് മെൻറ് എന്നീ പ്രധാനപ്പെട്ട രേഖകൾ ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതി വെളിപ്പെടുത്തുന്നു.
കമ്പനിയുടെ മാനേജ്മെന്റ് പ്രവർത്തനം, മുൻകാല വളർച്ച, ലാഭക്ഷമത, സാമ്പത്തിക സ്ഥിരത എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ നൽകുന്ന ഈ രേഖകളിൽ നിന്ന് നിക്ഷേപകർക്ക് നിരവധി സാമ്പത്തിക അനുപാതങ്ങൾ അഥവാ ഫിനാൻഷ്യൽ റേഷ്യോകൾ കണക്കാക്കാൻ സാധിക്കുന്നതാണ്.
നിക്ഷേപകർ ഈ അനുപാതങ്ങൾ കമ്പനിയുടെ തന്നെ മുൻകാല വർഷങ്ങളുമായി തുലനം ചെയ്ത് നോക്കണം. അതുപോലെ തന്നെ സമാനമായ മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ളതോ അല്ലെങ്കിൽ അതേ മേഖലയിൽ അല്ലെങ്കിൽ ഒരേ വ്യവസായത്തിലെ സമമായ കമ്പനികളുമായി തുലനം ചെയ്ത് നോക്കണം.
ലിക്വിഡിറ്റി അനുപാതങ്ങൾ (പെട്ടന്ന് പണമാക്കാനുള്ള കഴിവ്) , ലിവറേജ് അനുപാതങ്ങൾ (കടങ്ങൾ) , ഫലപ്രാപ്തി അഥവാ എഫിഷ്യൻസി (ആസ്ഥികൾ വിറ്റ് മാറാനുള്ള കഴിവ്) അനുപാതങ്ങൾ, ലാഭക്ഷമത അനുപാതങ്ങൾ, വിപണി മൂല്യം എന്നിവയാണ് പ്രധാനപ്പെട്ട അനുപാതങ്ങൾ.
ഇത്തരം റേഷ്യോകൾ ഉപയോഗിച്ച് മികച്ച പ്രവർത്തനം ഉള്ള കമ്പനികൾ കണ്ടെത്തി അതിൽ നിക്ഷേപിക്കുക.
4. വാല്യൂ സ്റ്റോക്കുകൾ തെറ്റായ സമയത്ത് തിരഞ്ഞെടുക്കുന്നത് ഒഴിവാക്കുക.
പുതിയ നിക്ഷേപകർ വരുത്തുന്ന ഏറ്റവും വലിയ ഒരു തെറ്റാണ് വാല്യൂ സ്റ്റോക്കുകൾ തെറ്റായ സമയത്ത് വാങ്ങുക എന്നത്.
വാല്യൂ സ്റ്റോക്കുകൾ അവയുടെ അടിസ്ഥാനകാര്യങ്ങളെ അടിസ്ഥാനമാക്കി ന്യായമായ വിലയിലാണ് ഉള്ളത് എന്ന് തോന്നുന്നവയാണ്. പുതിയ നിക്ഷേപകർ ഒരു കമ്പനിയുടെ PE റേഷ്യോ, EPS അനുപാതങ്ങൾ എന്നിവ പോലെയുള്ള ഫിനാൻഷ്യൽ റേഷ്യോകൾ മാത്രം വിശകലനം ചെയ്യുന്നതിൽ വ്യാപൃതരാകുകയും, മറ്റുള്ള വ്യവസായ എതിരാളികളുമായി താരതമ്യപ്പെടുത്തി റേഷ്യോകൾ വിശകലനം ചെയ്യുന്ന ഓഹരി വിലകുറഞ്ഞതായി തോന്നുകയും ചെയ്യും. ഇതിന്റെ മാത്രം അടിസ്ഥാനത്തിൽ ഓഹരികൾ വാങ്ങിക്കൂട്ടുന്നത് ശരിയായ രീതിയല്ല.
കമ്പനി യഥാർത്ഥത്തിൽ മോശം പ്രകടനം കാഴ്ചവെക്കുന്ന അവസ്ഥയിൽ ആകാം, ആ സാഹചര്യത്തിൽ ഓഹരി വില അതിന്റെ യഥാർത്ഥ മൂല്യത്തിലും കുറഞ്ഞതായി തോന്നിയേക്കാം.
വാല്യൂ ട്രാപ്പ് എന്നറിയപ്പെടുന്ന ഈ സാഹചര്യത്തിൽ കമ്പനി യഥാർത്ഥത്തിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുകയും ഭാവിയിലെ വളർച്ചയ്ക്ക് സാധ്യത കുറവായിരിക്കുകയും ചെയ്യുമ്പോൾ സംഭവിക്കുന്നതാണ്.
ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനായി കമ്പനിയുടെ ഗുണപരമായ (ക്വാളിറ്റേറ്റിവ്) ഘടകങ്ങളായ മറ്റ് കമ്പനികളുമായുള്ള കിടമത്സരത്തിലെ വിജയം, മാനേജുമെന്റിന്റെ കാര്യക്ഷമത എന്നിങ്ങനെയുള്ള ഘടകങ്ങളും പരിശോധിച്ച് വാല്യൂ ട്രാപ്പ് ഒഴിവാക്കുന്നതിന് ശ്രമിക്കേണ്ടതാണ്.
5. ഉയർന്ന ലാഭ വീതം മാത്രം ശ്രദ്ദിക്കുന്ന പ്രവണത.
പുതിയ നിക്ഷേപകർ പലപ്പോഴും അവരുടെ ആദ്യ ഗവേഷണത്തിൽ ഉയർന്ന ഡിവിഡന്റ് ആദായമുള്ള (ഡിവിഡന്റ് യീൽഡ്) ഓഹരികൾ തിരയുകയും അത്തരം ഓഹരികളിലേക്ക് തങ്ങളുടെ നിക്ഷേപം പരിമിതപ്പെടുത്തുന്നതും കാണാറുണ്ട്.
ഈ പ്രവണത ചിലപ്പോൾ ലാഭകരമല്ലാത്ത ഓഹരികളിലേക്ക് തങ്ങളുടെ നിക്ഷേപം മുഴുവൻ എത്തിപ്പെടാൻ സാധ്യതയുണ്ട്. ഡിവിഡന്റ് യീൽഡ് നിർണ്ണയിക്കുന്നത് ഒരു ഷെയറിൻറെ വാർഷിക ഡിവിഡന്റിനെ സ്റ്റോക്കിന്റെ വില കൊണ്ട് ഹരിച്ചാണ്. അതിനാൽ ഓഹരി വില കുറയുന്ന സമയത്ത് താൽക്കാലികമായി ഡിവിഡന്റ് യീൽഡ് വളരെ ഉയർന്നതായി തോന്നുകയും ജാഗ്രതയില്ലാത്ത നിക്ഷേപകർ കബളിപ്പിക്കപ്പെടുകയും ചെയ്യാം.
6. മികച്ച ഓഹരികൾ കണ്ടെത്താൻ കമ്പനിയുടെ ആഭ്യന്തര കാര്യങ്ങൾ ശ്രദ്ദിക്കുക.
തങ്ങളുടെ സ്ഥാപനത്തിന്റെ യഥാർത്ഥ മൂല്യത്തെക്കുറിച്ച് കമ്പനിയുടെ അകത്തുള്ളവർ എല്ലായ്പ്പോഴും ബോധവാന്മാർ ആയിരിക്കും. കമ്പനിയുടെ ഭാവി വികസനത്തിൽ മാനേജ്മെന്റിന് കാര്യമായ പങ്കാളിത്തമുള്ള ഓഹരികൾ നിക്ഷേപകർ വാങ്ങാൻ ശ്രമിക്കണം.
വാങ്ങലുകൾ, വിൽപ്പനകൾ എന്നിവ പോലുള്ള ഇൻസൈഡർ ഇടപാടുകൾ നിക്ഷേപകർ എപ്പോഴും പരിശോധിക്കുന്നത് മികച്ച സമീപനമാണ്.
ഇങ്ങനെയുള്ള വിവരങ്ങൾ ഒന്നുകിൽ ഒരു വാങ്ങൽ സൂചകമായി അല്ലെങ്കിൽ വിൽക്കാനുള്ള ഒരു മുൻകൂർ മുന്നറിയിപ്പ് ആയി പരിഗണിക്കാവുന്നതാണ്.
ഉദാഹരണത്തിന്, വികസനം നടക്കാൻ സാധ്യതയില്ലാതെ സ്റ്റോക്ക് തകരുമെന്ന് മാനേജ്മെന്റ് വിശ്വസിക്കുകയും അവർ മുൻകൂട്ടി ഓഹരികൾ വിൽക്കുകയും ചെയ്യുന്നു എന്നത് ഓഹരിയുടെ തകർച്ചയുടെ സൂചനയായിരിക്കാം.
അതുപോലെ ശക്തമായ ഇൻസൈഡർ വാങ്ങൽ കമ്പനിയുടെ മാനേജ്മെന്റിന്റെ കമ്പനിയിൽ ഉള്ള വിശ്വാസം ആണെന്നും ആ ഓഹരി ഉയർച്ചാ സാധ്യത ഉണ്ടെന്നും വിശ്വസിക്കാം.
പൊതുവേ ഇൻസൈഡർ സെല്ലിംഗ് ആക്റ്റിവിറ്റിയെക്കാൾ, ഇൻസൈഡർ വാങ്ങൽ പ്രവർത്തനം കൂടുതൽ സാധ്യതയാണ് കാണിക്കുന്നത്, കാരണം ഇൻസൈഡർമാർക്ക് വിവിധ വ്യക്തിഗത കാരണങ്ങളാൽ ക്യാഷ് ആവശ്യമായി വന്നേക്കുന്ന സമയത്ത് വിൽക്കാൻ സാധ്യതയുണ്ട്, അതേസമയം വാങ്ങുന്നത് തികച്ചും കമ്പനിയിൽ ഉള്ള വിശ്വാസത്തിന്റെ സൂചനയാണ് കാണിക്കുന്നത്.
7. ഒരു കമ്പനിക്ക് മത്സരാധിഷ്ഠിത നേട്ടമുണ്ടോ എന്ന് മനസിലാക്കുക.
നിങ്ങൾ ഒരു കൂട്ടം കമ്പനികളെയും അവരുടെ എതിരാളികളുടെയും ഒരു പട്ടിക മികച്ച ഓഹരി കണ്ടെത്താനായി പരിശോധിക്കുകയാണെങ്കിൽ, ആ പട്ടികയിൽ നിന്നും മികച്ച ഓഹരി തെരഞ്ഞെടുക്കേണ്ട സമയമായി എന്ന് കരുതുക. ഈ സമയം ഒരു കമ്പനിയുടെ ഏറ്റവും പ്രധാനമായി ശ്രദ്ദിക്കേണ്ട കാര്യം കമ്പനിക്കുള്ള സുസ്ഥിരമായ ഒരു മത്സര നേട്ടമാണ്. അതായത് തങ്ങളുടെ എതിരാളികളായ കമ്പനികളെക്കാൾ ഒരുപടി മുൻപിൽ നിൽക്കുന്ന കമ്പനി വേണം തിരഞ്ഞെടുക്കേണ്ടത്.
കമ്പനിയുടെ മത്സരപരമായ നേട്ടവും എല്ലാറ്റിനുമുപരിയായി ആ നേട്ടത്തിന്റെ ദൈർഘ്യവും നിക്ഷേപകൻ മനസിലാക്കാൻ ശ്രമിക്കണം. വിശാലവും സുസ്ഥിരവുമായ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ഉള്ള സ്ഥാപനങ്ങൾ നിക്ഷേപകർക്ക് മികച്ച പ്രതിഫലം നൽകുന്നവയാണ്.
8. വിപണിയിലെ അപകടസാധ്യതകൾ മനസ്സിലാക്കുക.
ഒരു സ്റ്റോക്ക് തിരഞ്ഞെടുക്കൽ എത്ര ബുദ്ധിപൂർവ്വമാണെങ്കിലും അത് വിപണിയിലെ അപകടസാധ്യതകൾക്ക് വിധേയമാണ് എന്ന് ഓർക്കുക. വിപണിയിൽ ഉണ്ടാകുന്ന മാന്ദ്യത്തിൽ നിങ്ങളുടെ നിക്ഷേപത്തിൻറെയും മൂല്യം നഷ്ടപ്പെട്ടേക്കാമെന്ന അപകട സാധ്യതകൂടി ഓർത്തിരിക്കുക.
ഒരു ഓഹരി സ്റ്റോക്ക് മാർക്കറ്റ് ചലനങ്ങളോടും വിപണി പോകുന്ന ദിശയോടും എത്രമാത്രം വേഗതയിൽ ആണ് പ്രതികരിക്കുന്നതെന്നും കണക്കാക്കുന്ന ബീറ്റ (Beta) എന്ന അളവുകോൽ ഉപയോഗിച്ച് മാർക്കറ്റ് റിസ്ക് അളക്കാൻ കഴിയും..
മാർക്കറ്റിന്റെ ബീറ്റ എപ്പോഴും 1 ആയിരിക്കും. ഒന്നിൽ കൂടുതൽ ബീറ്റ ഉള്ള ഒരു ഓഹരി വിപണിയെക്കാൾ വേഗത്തിലാണ് മുന്നേറുന്നത് എന്ന് മനസിലാക്കാം.
ഒന്നിൽ താഴെയാണ് ബീറ്റാ എങ്കിൽ ആ ഓഹരി മാർക്കറ്റിന് ഒപ്പമല്ല നീങ്ങുന്നതെന്ന് മനസിലാക്കുക.
9. ഒരു നിക്ഷേപ തന്ത്രം സൃഷ്ടിക്കുക.
ഒരു സ്റ്റോക്ക് വാങ്ങുന്നതിന് മുമ്പ് നിരവധി നിക്ഷേപ തന്ത്രങ്ങൾ പഠിക്കുകയും നിങ്ങളുടെ നിക്ഷേപ രീതിക്ക് ഏറ്റവും അനുയോജ്യമായ ഒന്ന് തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമായ കാര്യമാണ്.
അതിനായി വാല്യൂ ഇൻവെസ്റ്റിംഗ്, ഗ്രോത്ത് ഇൻവെസ്റ്റിംഗ്, ഇൻകം ഇൻവെസ്റ്റിംഗ് എന്നിങ്ങനെയുള്ള ഇൻവെസ്റ്റിംഗ് രീതികൾ നന്നായി പഠിച്ച് നിങ്ങൾക്ക് ജോജ്യമായത് കണ്ടെത്തുക.
10. ഒരു സ്റ്റോക്ക് വാങ്ങുന്നതിന് മുമ്പ് കമ്പനിയുടെ ഫണ്ടമെന്റൽ ആയുള്ള കാര്യങ്ങൾ പരിശോധിക്കുക.
ഇക്വിറ്റികളുടെ നിലവിലെ വിപണി വില അതിന്റെ യഥാർത്ഥ മൂല്യം അഥവാ അന്തർലീന മൂല്യത്തിലും (intrinsic value) കുറവാണോ എന്ന് മനസിലാക്കാൻ ഫണ്ടമെന്റൽ അനാലിസിസ് കൊണ്ട് സാധിക്കുന്നതാണ്.
ഫണ്ടമെന്റൽ അനാലിസിസ് നടത്താൻ സഹായിക്കുന്ന പല ഓൺലൈൻ പോർട്ടലുകളും സൗജന്യമായി ലഭിക്കുന്നതാണ്. കൂടാതെ NSE, BSE എന്നീ എക്സ്ചേഞ്ചുകളുടെ വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആനുവൽ റിപ്പോർട്ടുകളും ലഭിക്കുന്നതാണ്.
ഇത്തരം കാര്യങ്ങൾ നന്നായി പഠിച്ച ശേഷം മാത്രം നിക്ഷേപത്തിലേക്ക് കിടക്കുന്നതാണ് ഒരു മികച്ച നിക്ഷേപകനാകാനുള്ള നല്ല മാർഗ്ഗങ്ങൾ.
ഉപസംഹാരം: നിങ്ങൾ നിങ്ങളുടെ നിക്ഷേപത്തിലേക്ക് പുതിയ ഓഹരികൾ വാങ്ങുന്നതിന് മുമ്പ് നിങ്ങൾ ഏറ്റവും മികച്ച ഓഹരികൾ ആണ് വാങ്ങുന്നതെന്ന് ഉറപ്പാക്കുക. സൗജന്യമായി ലഭിക്കുന്ന പല സ്റ്റോക്ക് സ്ക്രീനറുകളും ഉപയോഗിച്ച് നിങ്ങളുടെ നിക്ഷേപ ആവശ്യത്തിനുള്ള ഓഹരികൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ സാധിക്കും.
സവിമലയാളിയിൽ ഫിനാൻസ് ലേഖനങ്ങൾ എഴുതാൻ താല്പര്യം ഉള്ളവർ contact ഫോം ഉപയോഗിച്ച് ബന്ധപ്പെടുക.
പുതിയ നിക്ഷേപം തുടങ്ങാൻ എസ്ബിഐ യുടെ ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുക.