മുഹൂർത്ത വ്യാപാരം എന്നത് നിക്ഷേപകരും നിക്ഷേപകർ ആകാൻ ആഗ്രഹിക്കുന്നവരും കേട്ട് വരുന്ന ഒരു കാര്യമാണ്. മുഹൂർത്ത വ്യാപാരത്തിനായി ഇനി ഏതാനും ദിവസങ്ങൾ മാത്രമാണുള്ളത്, എന്താണ് മുഹൂർത്ത വ്യാപാരം അറിയേണ്ടതെല്ലാം തുടർന്ന് വായിക്കുക.
മുഹൂർത്ത വ്യാപാരം.
തിന്മയ്ക്ക് മേൽ നന്മ വിജയം കൈവരിച്ചതിന്റെ അല്ലെങ്കിൽ ഇരുളിനുമേൽ പ്രകാശം വിജയം കൈവരിച്ചതിന്റെ പ്രതീകമായാണ് ഇന്ത്യമുഴുവൻ ദീപാവലി ആഘോഷിക്കുന്നത്.
ഹൈന്ദവ വിശ്വസം അനുസരിച്ച് എന്തെങ്കിലും പ്രത്യേക കാര്യങ്ങൾ ആരംഭിക്കുവാൻ ഉള്ള നിശ്ചിത ശുഭ സമയം ആണ് മുഹൂർത്തം എന്ന് അറിയപ്പെടുന്നത്.
ഓഹരി വിപണി അവധി ആണെങ്കിലും ദീപാവലിനാൾ ആഭ്യന്തര ഓഹരി വിപണികളായ എൻഎസ്സ്ഇ യും ബിഎസ്സ്ഇ യും അന്നേ ദിവസം വൈകുന്നേരം അതായത് 2022 ഒക്ടോബർ 24 ന് വൈകുന്നേരം 6.15PM മുതൽ 7.15PM വരെ ഒരുമണിക്കൂറോളം ഉള്ള പ്രത്യേക മുഹൂർത്തത്തിൽ തുറന്ന് പ്രവർത്തിക്കുന്നതാണ്.
വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന പ്രീ- ഓപ്പൺ സെക്ഷൻ 6.08- ന് അവസാനിക്കും. 6.08 മുതൽ 6.15 വരെ മാച്ചിങ് ടൈം ആയിരിക്കും.
സമ്പൽ സമൃദ്ധിയുടെ പ്രതീകമായ ലക്ഷ്മിദേവിക്ക് ആദരം അർപ്പിക്കാനുള്ള അവസരമായി നിക്ഷേപകർ ഈ അവസരത്തെ കാണുന്നു. ഈ നിശ്ചിത സമയത്ത് വ്യാപാരം നടത്തിയാൽ ഉയർച്ച ഉണ്ടാകും എന്ന് വ്യാപാരികൾ വിശ്വസിക്കുന്നു. ഈ സമയത്ത് നടത്തപ്പെടുന്ന വ്യാപാരമാണ് മുഹൂർത്ത വ്യാപാരം എന്ന് അറിയപ്പെടുന്നത്.
ഈ അവസരത്തിൽ വ്യാപാരം നടത്തിയാൽ അതിന്റെ ഉയർച്ചയും, ആ സമ്പൽ സമൃദ്ധിയും വർഷം മുഴുവൻ നിലനിൽക്കുമെന്ന് വ്യാപാരികൾ വിശ്വസിക്കുന്നു.
ദീപാവലി ദിനമായ ഒക്ടോബർ 24 തിങ്കളാഴ്ച ‘മുഹൂർത്ത വ്യാപാരത്തിനായി’ ആഭ്യന്തര ഓഹരി വിപണികൾ തുറന്നിരിക്കും. പ്രമുഖ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും എൻഎസ്ഇയും ഇതു സംബന്ധിച്ച് സർക്കുലറുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വ്യാപാരി സമൂഹങ്ങൾക്ക് ദീപാവലി മുതലാണ് പുതുവർഷം ആരംഭിക്കുന്നത്. അവർ പുതിയ അക്കൗണ്ടുകൾ തുറക്കുകയും മുൻ വർഷത്തെ ബാലൻസ് ഷീറ്റ് ഈ ദിവസം ക്ലോസ് ചെയ്യുകയും ചെയ്യും.
നല്ല ബിസിനസ്സ്, സമ്പത്ത്, സമൃദ്ധി, വിജയം എന്നിവയ്ക്കായി അവർ ലക്ഷ്മി ദേവിയെ പ്രാർത്ഥിക്കും.
വ്യാപാരം ആരംഭം.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് 1957-ൽ മുഹൂർത്ത വ്യാപാരത്തിന്റെ പാരമ്പര്യം ആരംഭിച്ചു, 1992-ൽ NSE ദീപാവലി ദിനത്തിൽ മുഹൂർത്ത വ്യാപാരം നടത്താൻ തുടങ്ങി.
വ്യക്തിഗത വ്യാപാരികൾ പ്രതീകാത്മകമായി ആണ് ഈ ദിവസം വ്യാപാരം നടത്തുന്നത്.
എന്തുതന്നെ ആയാലും നിക്ഷേപകർ ഓഹരി വാങ്ങും മുൻപ് തന്നെ വിശദമായി ആ ഓഹരിയെപ്പറ്റി പഠിക്കേണ്ടത് അത്യാവശ്യം ആണ്.
സ്റ്റോക്ക് മാർക്കറ്റ് ഇപ്പോഴും അസ്ഥിരമാണ് അതിനാൽ നിങ്ങൾ വിദഗ്ദ്ധോപദേശം തേടുകയോ അല്ലെങ്കിൽ നന്നായി പഠിച്ചതിന് ശേഷം സ്റ്റോക്കുകളിൽ നിക്ഷേപിക്കുകയോ ചെയ്യുക.
ട്രേഡിങ്ങിനു മുമ്പ് നിങ്ങളുടെ നിക്ഷേപ തന്ത്രം എന്തെന്ന് നിശ്ചയിക്കുക. മുഹൂർത്ത വ്യാപാരം നിങ്ങൾക്ക് ലാഭം ഉണ്ടാക്കിത്തരും എന്ന ഉറപ്പ് നൽകുന്നില്ല.
മിക്ക വ്യാപാരികളും ഈ കാലയളവിൽ നിക്ഷേപിക്കുന്നത് ശുഭകരമായി കണക്കാക്കിയാണ് വ്യാപാരം നടത്തുന്നത്.
നിക്ഷേപകരെ കബളിപ്പിക്കാനായി പലരും ഉണ്ടെന്ന കാര്യം ഓർത്തിരിക്കുക നിക്ഷേപ ഗുരുക്കന്മാർ എന്നറിയപ്പെടുന്നവർ നൽകുന്ന ടിപ്പുകളും മറ്റും വിശ്വസിച്ച് അവർ പറയുന്ന ഓഹരികൾ വാങ്ങിക്കൂട്ടി വഞ്ചിതരാകാതിരിക്കുക.
കുറച്ച് കാലങ്ങളായി നമ്മുടെ വിപണികൾ പ്രത്യേക സാഹചര്യങ്ങളിലൂടെയാണ് കടന്ന് പോകുന്നത് അതിനാൽ തന്നെ വിശദമായ വിശകലനം ചെയ്ത് മാത്രം ഓഹരികൾ വാങ്ങുക.
പുതിയതായി വിപണിയിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും മുഹൂർത്ത വ്യാപാരത്തോടുകൂടി ആരംഭിക്കാവുന്നതാണ്.