ഒരു ട്രേഡർ ഓഹരികളോ അല്ലെങ്കിൽ മറ്റ് സാമ്പത്തിക മാദ്ധ്യമങ്ങളോ (financial instrument) (കമ്മോഡിറ്റീസ് പോലുള്ളവ) ഒരേ ട്രേഡിംഗ് ദിവസത്തിന് ഉള്ളിൽ തന്നെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെ ആണ് ഇൻട്രാഡേ (intraday) അഥവാ ഡേ ട്രേഡിങ്ങ് (day trading) എന്ന് പറയുന്നത്.
സെക്യൂരിറ്റികളിലെ ഊഹ കച്ചവടത്തിന്റെ (speculation) ഒരു രൂപമാണിത്.
മാർക്കറ്റ് അടയ്ക്കുന്നതിന് മുമ്പ് എല്ലാ വാങ്ങൽ വില്പനകളും അന്നേ ദിവസം തന്നെ അവസാനിപ്പിക്കേണ്ടി വരുന്നതിനാൽ വളരെ അധികം നഷ്ട സാധ്യതകൾ ഉള്ള ഒരു ട്രേഡിങ്ങ് രീതിയാണിത്.
ഇവിടെ ഓഹരികളുടെ ഉടമസ്ഥതാ അവകാശത്തിൽ മാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.
ഇൻട്രാഡേ അഥവാ ഡേ ട്രേഡിങ്ങ് നടത്തുമ്പോൾ ട്രേഡർ തന്നെ അന്നേ ദിവസം ട്രേഡിങ്ങ് അവസാനിപ്പിക്കുന്നില്ല എങ്കിൽ ബ്രോക്കർ തന്നെ ദിവസ അവസാനം ട്രേഡിങ്ങ് അവസാനിപ്പിക്കുന്നതാണ്.
വാങ്ങുന്ന അസറ്റിന്റെ വിലയിലെ മാറ്റങ്ങളിൽ നിന്ന് ലാഭം നേടുന്നതിന് വേണ്ടി ഇൻട്രാഡേ തന്ത്രങ്ങൾ (strategies) നടപ്പിലാക്കുന്ന മാർക്കറ്റിൽ വളരെ സജീവമായി നിൽക്കുന്ന വ്യാപാരികളാണ് ഡേ ട്രേഡർമാർ.
ലിവറേജ് എന്നറിയപ്പെടുന്ന ഓഹരിയിന്മേലുള്ള ലോൺ ഉപയോഗിച്ച് തങ്ങളുടെ ലാഭം പരാമാവധി വർദ്ധിപ്പിക്കാൻ ഡേ ട്രേഡർമാർ ശ്രമിക്കാറുണ്ട്.
സ്റ്റോക്കുകൾ, ഓപ്ഷനുകൾ, കറൻസി, ഫ്യൂച്ചർ, കമ്മോഡിറ്റികൾ എന്നിവയാണ് സാധാരണയായി ഡേ-ട്രേഡ് ചെയ്യപ്പെടുന്ന സാമ്പത്തിക മാധ്യമങ്ങൾ.
എന്താണ് പുതിയ മാർജിൻ റൂൾ ?
ഡേ ട്രേഡർ മാർക്കായി 2020-ൽ, സെബി പുതിയ മാർജിൻ നിയമങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.
സ്റ്റോക്ക് ബ്രോക്കർമാർ ദിവസാവസാനം മാർജിൻ തുക ഇടക്കുന്ന പഴയ പതിവിന് വിപരീതമായി ലിവറേജ് അധിഷ്ഠിത ട്രേഡ് അനുവദിക്കുമ്പോൾ തന്നെ മുൻകൂറായി മിനിമം മാർജിനുകൾ ഈടാക്കേണ്ടതായി വരും.
ബ്രോക്കർ മാർ അവരുടെ ക്ലയന്റിന് വലിയ ലിവറേജുകൾ അനുവദിക്കുകയും, ട്രേഡർമാർ തങ്ങളുടെ കഴുവിലും വലിയ ട്രേഡുകളിലേക്ക് കടക്കുകയും, ട്രേഡിങ്ങ് അവസാനിപ്പിക്കേണ്ട സമയത്ത് ട്രേഡർമാർക്ക് വളരെ വലിയ നഷ്ടം സഹിക്കേണ്ടതായും വരാറുണ്ട്, ഇത് തടയാൻ വേണ്ടിയാണ് സെബി പുതിയ മാർജിൻ നയം കൊണ്ടുവന്നത്.
പുതിയ നിയമം അനുസരിച്ച്, ട്രേഡിങ്ങ് സെഷനിലുടനീളം മിനിമം മാർജിൻ തുക നില നിർത്തണമെന്ന് ക്ലിയറിംഗ് കോർപ്പറേഷനുകൾ ആവശ്യപ്പെടും.
ക്ലയന്റുകൾക്ക് മാർജിനിൽ കുറവുണ്ടായാൽ അധിക മാർജിൻ തുക ബ്രോക്കർമാർ ആവശ്യപ്പെടണം അങ്ങനെ ചെയ്യാത്ത പക്ഷം സ്റ്റോക്ക് ബ്രോക്കർമാർ പിഴ അടക്കേണ്ടതായി വരും.
മാർജിൻ റൂൾ ഘട്ടം ഘട്ടമായി ആണ് അവതരിപ്പിച്ചത്, 2020 സെപ്റ്റംബർ 1 മുതൽ അവസാന ഘട്ടം പ്രാബല്യത്തിൽ വന്നു.
ഉദാഹരണമായി ടാറ്റ മോട്ടോഴ്സിന്റെ ഒരു ലക്ഷം രൂപയുടെ ഓഹരികൾ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, സ്റ്റോക്ക് ബ്രോക്കർ ഈടാക്കുന്ന മാർജിൻ 20 ശതമാനം ആണെങ്കിൽ, മാർജിൻ തുക ആയ 20,000 രൂപ നിങ്ങളുടെ സ്റ്റോക്ക് ബ്രോക്കറുടെ അക്കൗണ്ടിൽ നിങ്ങൾ നില നിർത്തിയിരിക്കണം.