ആരാണ് ഒരു ഷെയർ ബ്രോക്കർ?
സെക്യൂരിറ്റീസ് അഥവാ സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ആ എക്സ്ചേഞ്ചിലെ അംഗങ്ങളായ വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ വാങ്ങൽ വിൽക്കൽ ഓർഡറുകൾ സ്വീകരിക്കുകയുള്ളൂ.
ആയതിനാൽ, വ്യക്തികൾക്കും നിക്ഷേപകർക്കും എക്സ്ചേഞ്ച് അംഗങ്ങളുടെ സേവനം ആവശ്യമാണ്, അങ്ങനെ വരുമ്പോൾ നിക്ഷേപകനും സെക്യൂരിറ്റീസ് എക്സ്ചേഞ്ചിനും ഇടയിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിക്കുന്ന എക്സ്ചേഞ്ചിൽ അംഗമായ ഒരു വ്യക്തിയോ സ്ഥാപനമോ ആണ് ഷെയർ ബ്രോക്കർ എന്നറിയപ്പെടുന്നത്.
ഷെയർ ബ്രോക്കർമാർ ആ സേവനം നൽകുകയും അതിലൂടെ കമ്മീഷനുകൾ, ഫീസ് അല്ലെങ്കിൽ എക്സ്ചേഞ്ച് തന്നെ പണം നൽകുകയും ചെയ്യുന്നതിലൂടെ വിവിധ രീതികളിൽ ലാഭം ഉണ്ടാക്കുകയും ചെയ്യുന്നു.
നിക്ഷേപകരുടെ ഓർഡർ നടപ്പാക്കുന്നതിനൊപ്പം അവർക്ക് ആവശ്യമായ നിക്ഷേപ ഉപദേശങ്ങളും, മറ്റ് പലതരം സേവനങ്ങളും ബ്രോക്കർമാർ ചെയ്യാറുണ്ട്. വൻകിട നിക്ഷേപകർക്കായി പലതരം വലിയ പദ്ധതികളും ബ്രോക്കർമാർ ചെയ്ത് കൊടുക്കാറുണ്ട്.
ഏതെല്ലാം തരത്തിലുള്ള ബ്രോക്കർമാർ ഉണ്ട്?
- ഫുൾ സർവീസ് ബ്രോക്കർ
- ഡിസ്കൗണ്ട് ബ്രോക്കർ
- 3 ഇൻ 1 ബ്രോക്കർ
1. ഫുൾ സർവീസ് ബ്രോക്കർ.
ഉപഭോക്താക്കൾക്ക് ആവശ്യമായ മിക്കവാറും എല്ലാ തരത്തിലുമുള്ള നിക്ഷേപ പദ്ധതികളും, ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്ന പരമ്പരാഗത രീതിയിൽ ബ്രോക്കർമാരാണ് ഫുൾ സർവീസ് ബ്രോക്കർമാർ.
ഇതിൽ ഇക്വിറ്റി നിക്ഷേപം (equity investment), മ്യൂച്വൽ ഫണ്ടുകൾ (mutual funds), കറൻസി ഡെറിവേറ്റീവുകൾ (currency derivatives), ലൈഫ് ഇൻഷുറൻസ് (life insurance), ജനറൽ ഇൻഷുറൻസ് (general insure), ഫിക്സഡ് ഡിപ്പോസിറ്റ് (fixed deposit) തുടങ്ങിയ വിവിധതരം നിക്ഷേപ പദ്ധതികളും ഉൾക്കൊള്ളുന്നു. ചിലർ തങ്ങളുടെ ഉപഭോക്താവിന് നിക്ഷേപ പദ്ധതികളും നിക്ഷേപ ആസൂത്രണ സേവനങ്ങളും നൽകാറുണ്ട്.
വ്യക്തികൾക്കും കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കും ഇവർ സേവനം നൽകാറുണ്ട്, ഇത്തരം പദ്ധതികൾ എല്ലാം നൽകാൻ ആവശ്യമായ ഗവേഷണം നടത്താൻ പ്രത്യേക സംഘം തന്നെ ഇവർക്ക് ഉണ്ടാകും.
ഇവർ ഓഹരികൾ വാങ്ങുവാനും വിൽക്കുവാനുമുള്ള ഉപദേശങ്ങൾ പോലും ഉപഭോക്താക്കൾക്ക് നൽകാറുണ്ട്. ഉപഭോക്താക്കൾക്ക് ആവശ്യമായ വിവരങ്ങൾ നേരിട്ട് അറിയുവാൻ ആവശ്യമായ ഓഫീസുകളും, മറ്റ് സൗകര്യങ്ങളും ഇവർക്ക് ഉണ്ടാകും. സാമാന്യം ഉയർന്ന ഫീസാണ് ഇത്തരം ബ്രോക്കർമാർ ഈടാക്കാറുള്ളത് ( ശരാശരി 0.3% മുതൽ 0.75% വരെ).
2. ഡിസ്കൗണ്ട് ബ്രോക്കർ.
ഫുൾ സർവീസ് ബ്രോക്കർമാരിൽ നിന്ന് വ്യത്യസ്തമായി പരിമിതമായ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ നൽകുന്ന ബ്രോക്കർമാരാണ് ഡിസ്കൗണ്ട് ബ്രോക്കർമാർ. അടിസ്ഥാനപരമായി അവർ നല്ല ട്രേഡിംഗ് പ്ലാറ്റ്ഫോം നൽകുകയും, സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ചുള്ള അറിവ് നൽകുകയും, സ്വയം ട്രേഡിംഗും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അവരുടെ ബ്രോക്കർ ചാർജ് സാധാരണയായി വളരെ കുറവായിരിക്കും. അവർക്ക് അവരുടെ പ്ലാറ്റ്ഫോമിന്റെ മൊബൈൽ ആപ്പോ വെബ് പതിപ്പോ ഉണ്ടായിരിക്കും, അതുവഴി ഒരാൾക്ക് എവിടെനിന്നും അവരുടെ സേവനങ്ങൾ വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. സാധാരണയായി ബ്രാഞ്ച് ഓഫീസുകൾ ഇവർക്ക് കാണാറില്ല. പരിമിതമായ സേവനങ്ങൾ മാത്രമാണ് ഇവർ നൽകാറുള്ളത്.
3. 3 ഇൻ 1 ബ്രോക്കർ.
സേവിംഗ് ബാങ്ക് അക്കൗണ്ട് + ട്രേഡിംഗ് അക്കൗണ്ട് + ഡീമാറ്റ് അക്കൗണ്ട് ഇവയെല്ലാം ഒരേ കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന ബ്രോക്കർ സേവനം ആണ് 3 ഇൻ 1 ബ്രോക്കർ എന്നത്. ഇന്ത്യയിലെ പല പ്രധാനപ്പെട്ട ബാങ്കുകളും ഇത്തരം ബ്രോക്കർമാർ ആണ്. ഇത്തരം ബ്രോക്കർമാർ ആവശ്യമായ എല്ലാ സേവനങ്ങളും ഉപഭോക്താവിന് നൽകാറുണ്ട്. ഉയർന്ന ഫീസായിരിക്കും ഇവർ ഈടാക്കുന്നത്.