ടെക്ക്നിക്കൽ അനാലിസിസ് എന്നാൽ മുൻകാല വിലകളുടെ അടിസ്ഥാനത്തിൽ ഒരു ഫിനാൻഷ്യൽ ഇൻസ്ട്രമെന്റിന്റെ വില ഭാവിയിൽ എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ഒരു വിശകലന രീതിയാണ് .
ടെക്ക്നിക്കൽ അനാലിസിസ് ശരിക്കും ഒരു കാലാവസ്ഥാപ്രവചനം പോലെയാണ് ഭാവിയിൽ സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുണ്ട് എന്ന് പറയുന്നതുപോലെ.
എന്നിരുന്നാലും ടെക്ക്നിക്കൽ അനാലിസിസ് കൊണ്ട് ഭാവി വിലയുടെ ഒരു ഏകദേശരൂപം നമുക്ക് മനസ്സിലാക്കി എടുക്കാൻ സാധിക്കുന്നു. പലതരത്തിലുള്ള പ്രൈസ് ചാർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരം വില പ്രവചനങ്ങൾ നടത്തുന്നത്.
താഴെയുള്ള ചിത്രങ്ങൾ ശ്രദ്ധിച്ചാൽ പലതരത്തിലുള്ള ചാർട്ടുകൾ നിങ്ങൾക്ക് കാണാൻ കഴിയും.
1. LINE CHART
2. CANDLE STICK CHART
3. BARS CHART
4. HEIKN ASHI
5. AREA CHART
ഇതു കൂടാതെ ഹോളോ ക്യാൻഡിൽസ്, ബേസ് ലൈൻ, റെങ്കോ, ലൈൻ ബ്രേക്ക്, കാഗി, പോയിന്റ് & ഫിഗർ എന്നിങ്ങനെ പല തരം ചാർട്ടുകൾ ഉണ്ട്. സ്റ്റോക്കുകൾ, സൂചികകൾ (Indics), കമ്മോഡിറ്റികൾ, ഫ്യൂച്ചർ അങ്ങനെ വിതരണത്തിന്റെയും ആവശ്യകതയുടെയും (Supply & Demand) അടിസ്ഥാനത്തിൽ വിലകൾക്ക് മാറ്റം ഉണ്ടാകുന്ന എല്ലാ ഫിനാൻഷ്യൽ ഇൻസ്ട്രമെന്റ്കളിലും ടെക്ക്നിക്കൽ അനാലിസിസ് ഉപയോഗിക്കാവുന്നതാണ്.
ചാർട്ടുകളുടെ അടിസ്ഥാനത്തിൽ വില നിർണയം നടത്തുമ്പോൾ പല അനലൈസർമാറും മൊത്തത്തിലുള്ള ട്രെൻഡ് (Trend), സപ്പോർട്ട്, റെസിസ്റ്റൻസ്, വിലയുടെ മൊമന്റം (price momentum), വോളിയം (Volume), റിലേറ്റീവ് സ്ട്രെങ്ത് എന്നിവയും നോക്കാറുണ്ട്.
എന്താണ് ട്രെൻഡ് (Trend)?
ട്രെൻഡ് എന്നത് സ്റ്റോക്കിന്റെ ഇപ്പോഴത്തെ ദിശയെ (Direction) സൂചിപ്പിക്കുന്ന പദം ആണ്, അതായത് ഇപ്പോൾ സ്റ്റോക്കിന്റെ വില മുകളിലേക്കാണോ, താഴോക്കാണോ അതോ നേർ ദിശയിലേക്ക് മാത്രമാണോ സഞ്ചരിക്കുന്നത് എന്ന് സൂചിപ്പിക്കുന്നതാണ് ട്രെൻഡ്.
എന്താണ് സപ്പോർട്ട് & റെസിസ്റ്റൻസ്?
വിലയിടിവിൽ (Down Trend) ഉള്ള ഒരു ഓഹരി താഴെയുള്ള ഒരു പ്രത്യേക വിലനിലവാരത്തിൽ എത്തുമ്പോൾ വില ഇടിയുന്നത്തിന്റെ വേഗത കുറയുകയും ആ നിലവാരത്തിൽ നിന്ന് മുകളിലേക്ക് തിരിച്ച് കയറാൻ തുടങ്ങുകയും ചെയ്യുന്നത് കാണാൻ കഴിയും, അതായത് മുകളിലേക്ക് എറിഞ്ഞ ഒരു പന്ത് താഴെ വന്ന് മുട്ടി വീണ്ടും തിരിച്ച് മുകളിലേക്ക് പോകുന്നത് പോലെ, താഴെ വന്ന് മുട്ടിയ ആ പ്രത്യേക ലെവലാണ് സപ്പോർട്ട് ലെവൽ എന്നറിയപ്പെടുന്നത്.
ആ സ്റ്റോക്ക് തന്നെ സപ്പോർട്ട് ലെവലിൽ എത്തിയതിനു ശേഷം പെട്ടെന്ന് തിരിച്ചു മുകളിലേക്ക് കയറുന്നത് കാണാൻ കഴിയും. അങ്ങനെ കയറി മുകളിൽ ഒരു പ്രത്യേക വിലനിലവാരത്തിൽ എത്തുകയും പെട്ടന്ന് നിൽക്കുകയും ചെയ്യുന്നത് കാണാം, ആ ലെവൽ ആണ് റസിസ്റ്റൻസ് ലെവൽ എന്ന് പറയുന്നത്.
എന്താണ് വിലയുടെ മൊമന്റം
മൊമന്റം എന്നത് ഒരു അസറ്റിന്റെ വിലയിലുണ്ടാകുന്ന മാറ്റങ്ങളുടെ വേഗതയെ സൂചിപ്പിക്കുന്നു. മൊമന്റം ഒരു സ്റ്റോക്കിന്റെ വിലയിലുണ്ടായ വർധനവിന്റെ അല്ലെങ്കിൽ കുറവിന്റെ തോത് അളക്കുന്നു. അതായത് ആ സ്റ്റോക്കിന്റെ വിലമാറ്റങ്ങളുടെ ശക്തി എത്രമാത്രമുണ്ടെന്ന് നമുക്ക് മനസ്സിലാക്കി തരുന്നു.
എന്താണ് വോളിയം
ഒരു നിശ്ചിത സമയത്തിനുള്ളിൽ ഒരു സ്റ്റോക്കിന് മേൽ നടന്ന വ്യാപാരങ്ങളുടെ മൊത്തം എണ്ണത്തെയാണ് വോളിയം എന്ന് വിളിക്കുന്നത്. അതായത് ഒരു ദിവസം കൈമാറ്റം സംഭവിച്ച (Buy & Sell) ഷെയറുകളുടെ എണ്ണം ആണ് പൊതുവേ വോളിയം ആയി കണക്കാക്കപ്പെടുന്നത്. സ്റ്റോക്കുകൾ ബോൺഡുകൾ, ഓപ്ഷനുകൾ, ഫ്യൂച്ചറുകൾ, കമ്മോഡിറ്റികൾ എന്നിവയിലെല്ലാം വോളിയം കണക്കാക്കാറുണ്ട്. വില മാറുന്ന സമയത്ത് ഷെയറുകളുടെ വോളിയം സാധാരണ കൂടുന്നതായി കാണാറുണ്ട്. കൂടിയ ട്രേഡിങ് വോളിയം ഒരു ഷെയറിന്റെ ഉയർന്ന ലിക്വിഡിറ്റിയാണ് കാണിക്കുന്നത് (അതായത് പെട്ടന്ന് വിറ്റുമാറാനുള്ള സാധ്യത).
ടെക്നിക്കൽ അനാലിസിസിനെ കുറിച്ചും സ്വിങ്ങ് ട്രേഡിനെക്കുറിച്ചും കൂടുതൽ മനസിലാക്കുക