എന്തുകൊണ്ടാണ് പലരും ഒറ്റദിവസം കൊണ്ട് ആയിരങ്ങളും പതിനായിരങ്ങളും ഓഹരി വിപണിയിൽ നഷ്ടപ്പെടുത്തുന്നത്? ഒരു ട്രേഡിൽ തന്നെ ചിലപ്പോൾ പതിനായിരമോ അതിൽ കൂടുതലോ നഷ്ടം ഉണ്ടാക്കുന്നവർ ഒരുപാട് പേർ ഉണ്ട്.
കാര്യമായരീതിയിൽ ഓഹരി വിപണിയെ കുറിച്ചുള്ള പരിജ്ഞാനമോ ഒന്നും തന്നെ ഇല്ലാതെ വന്ന്, മറ്റുള്ളവർ ഉണ്ടാക്കിയ ലാഭത്തെ കുറിച്ചുള്ള വീഡിയോകളും ലേഖനങ്ങളും കണ്ടുള്ള അമിതാവേശത്താൽ, ഇൻട്രേഡേ ട്രേഡിങ്ങിൽ ഒറ്റദിവസം കൊണ്ട് ആയിരങ്ങളും പതിനായിരങ്ങളും ഉണ്ടാക്കാം എന്ന ഉദ്ദേശത്തോടു കൂടെ പല ബ്രോക്കർ കമ്പനികളിൽ ട്രേഡിങ്ങ് അക്കൗണ്ട് എടുത്തു പലരും ട്രേഡിങ്ങിനിറങ്ങും.
ഭാഗ്യവശാൽ ആദ്യത്തെ 2 അല്ലെങ്കിൽ 3 ട്രേഡിങ്ങിൽ ലാഭം ഉണ്ടായി എന്ന് വരാം, അപ്പോൾ ആത്മവിശ്വാസം കൂടുകയും അത് ആർത്തി ആയി മാറുകയും ചെയ്യും.
അങ്ങനെ കൂടുതൽ ട്രേഡുകൾ ചെയ്യുകയും തുടർന്ന് നഷ്ട്ടം സംഭവിക്കുമ്പോൾ പോയ തുക തിരിച്ചു പിടിക്കണം വാശി ആകുകയും, അങ്ങനെ അവസാനം വലിയ നഷ്ടത്തിൽ എത്തി ചേരുകയും ചെയ്യും.
മനസ്സിനെ നിയന്ത്രിച്ച് നിർത്താൻ കഴിഞ്ഞാൽ തന്നെ ഒരു പരിധിവരെ നഷ്ട്ടം ഒഴിവാക്കാൻ സാധിക്കും.
അത് പോലെ തന്നെ തുടക്കക്കാരൻ ട്രേഡിങ്ങ് അക്കൗണ്ട് തുടങ്ങുന്നതിന് മുൻപ് തന്നെ മാർക്കറ്റിനെ പറ്റിയും, ട്രേഡിങ്ങ് രീതികളെ പറ്റിയും പഠിക്കാൻ ശ്രമിക്കണം.
ട്രേഡർ ആകണോ ഇൻവെസ്റ്റർ ആകണോ എന്നതും ആദ്യമേ തന്നെ തീരുമാനിക്കണം.
വിപണി സംബന്ധമായ വാർത്താ ചാനലുകളും, പത്രങ്ങളും ശ്രദ്ധിക്കണം.
ഓഹരികൾ പറ്റി പഠിക്കാൻ സമയം കിട്ടാത്തവർ സെബി രെജിസ്റ്റേർഡ് ആയ അഡ്വൈസർ മാരുടെ (ഫീ ഒൺലി അഡ്വൈസർ) ഉപദേശം തേടുക.
അവരുടെ ഉപദേശം അനുസരിച്ച് മാത്രം വാങ്ങൽ, വില്പനകൾ നടത്തുകയും ചെയ്യുക.
ഫീ ഒൺലി അഡ്വൈസർ അഥവാ തങ്ങളുടെ ക്ലയന്റിന് നൽകുന്ന ട്രേഡിങ്ങ് ഉപദേശങ്ങൾക്ക് നിശ്ചിത ഫീ അല്ലാതെ മറ്റൊരു തരത്തിലും കമ്മീഷൻ (ഉദാ: ബ്രോക്കർ അക്കൗണ്ട് എടുപ്പിച്ച് കമ്മീഷൻ നേടുക) വാങ്ങാത്ത ഉപദേശകരെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
fee only advisers എന്ന് ഗൂഗിളിൽ തിരഞ്ഞാൽ ഇത്തരം ഉപദേശകരെ കണ്ടെത്താൻ സാധിക്കുന്നതാണ്.
ട്രേഡിങ്ങിലേക്ക് കടന്നു വരുന്ന ആരും ആദ്യം തന്നെ യഥാർത്ഥ ഇൻട്രേഡേ ട്രേഡിങ്ങ് ചെയ്യാൻ ശ്രമിക്കാതിരിക്കുക.
പേപ്പർ ട്രേഡിങ്ങ് എന്നറിയപ്പെടുന്ന കൃതൃമ ട്രേഡിങ്ങ് ചെയ്ത് നോക്കുക.
അതായത് ഒരു ഓഹരിയുടെ വാങ്ങാൻ ഉദ്ദേശിക്കുന്ന വിലയും വിൽക്കാൻ ഉദ്ദേശിക്കുന്ന വിലയും ആദ്യം തന്നെ ഒരു പേപ്പറിൽ എഴുതി വയ്ക്കുകയും അതനുസരിച്ച് നിശ്ചിത എണ്ണം ഓഹരി വാങ്ങിയതായും സങ്കൽപ്പിക്കുക.
ദിവസ അവസാനം നിങ്ങൾ ചെയ്ത പേപ്പർ ട്രേഡ് എത്രമാത്രം ഫലവത്തായി എന്ന് നോക്കുകയും ചെയ്യുക.
അങ്ങനെ പലപ്പോഴായി പേപ്പർ ട്രേഡിങ്ങ് ചെയ്ത് നിങ്ങളിൽ നിങ്ങൾക്ക് തന്നെ വിശ്വാസം വന്നതിന് ശേഷം മാത്രം യഥാർത്ഥ ട്രേഡ് ചെയ്ത് തുടങ്ങുക. ട്രേഡിങ്ങ് ചെയ്ത് തുടങ്ങുന്നവർ മാർജിൻ വാങ്ങാതെ വളരെ ചെറിയ തുകയ്ക്ക് മാത്രം ട്രേഡുകൾ ചെയ്യുക.