എന്താണ് ഫണ്ടമെന്റൽ അനാലിസിസ്?
ഒരു സ്റ്റോക്കിന്റെ ആന്തരിക മൂല്യം (ഇൻട്രിൻസിക് വാല്യൂ) വിലയിരുത്തുന്നതിനും ഭാവിയിൽ അതിന്റെ വിലയെ സ്വാധീനിച്ചേക്കാവുന്ന ഘടകങ്ങളെ വിശകലനം ചെയ്യുന്നതിനുമുള്ള ഒരു രീതിയാണ് ഫണ്ടമെന്റല്‍ അനാലിസിസ്.
ഫണ്ടമെന്റൽ അനാലിസിസ് രീതിയിലുള്ള വിശകലനം കമ്പനിയുടെ അകത്തുള്ള സംഭവങ്ങളും സ്വാധീനങ്ങളും സാമ്പത്തിക സ്റ്റേറ്റുമെന്റുകളും ഇൻഡസ്ട്രി ട്രെൻഡുകളും അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കിന്റെ വിലയെ സ്വാധീനിക്കാവുന്ന എല്ലാ ഘടകങ്ങളും ഫണ്ടമെന്റല്‍ അനലിസ്റ്റ് പരിശോധിക്കുന്നു.
ഒരു സ്റ്റോക്കിന്റെ ഇപ്പോഴുള്ള വില ആ കമ്പനി അർഹതപ്പെട്ട നിരക്കിൽ ആണോ എന്നും, വില വളരെ കൂടുതൽ ആണോ അതോ അർഹതപ്പെട്ടതിലും താഴെയാണോ എന്നും ഫണ്ടമെന്റല്‍ അനലിസ്റ്റ് പരിശോധിക്കുന്നു. ടെക്നിക്കൽ അനാലിസിനു വിപരീതമായ രീതിയാണ് ഫണ്ടമെന്റല്‍ അനാലിസിസ്.
ഫണ്ടമെന്റല്‍ അനാലിസിനെ ക്വാണ്ടിറ്റേറ്റീവ്, ക്വാളിറ്റേറ്റിവ് എന്നിങ്ങനെ രണ്ടായി തരം തിരിക്കാം.
1. ക്വാണ്ടിറ്റേറ്റീവ്
അനാലിസിന്റെ ഫലങ്ങൾ സംഖ്യാരൂപത്തിൽ തന്നെ ലഭിക്കുന്നു. കമ്പനികൾ പുറത്തിറക്കുന്ന ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്കളുടെ അടിസ്ഥാനത്തിൽ ആണ് ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് നടക്കുന്നത്.
പ്രധാനപ്പെട്ട മൂന്ന് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്കൾ ഇൻകം സ്റ്റേറ്റ്മെന്റ്, ബാലന്‍സ്ഷീറ്റ്, ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ് എന്നിവയാണ്.
ഇൻകം സ്റ്റേറ്റ്മെന്റ്
ഒരു പ്രത്യേക കാലയളവിലുള്ള കമ്പനിയുടെ പ്രകടനം വിലയിരുത്താൻ ഇൻകം സ്റ്റേറ്റ്മെന്റ്കൾ സഹായിക്കുന്നു. ആ കാലയളവിലെ ബിസിനസ്സിന്റെ ഫലമായി ഉണ്ടായ വരുമാനം (റവന്യൂ), ചെലവ് (എക്സ്പെൻസ്), ലാഭം (പ്രോഫിറ്റ്) എന്നിവയെ ക്കുറിച്ചുള്ള വിവരങ്ങൾ ഇൻകം സ്റ്റേറ്റ്മെന്റ്കൾ നൽകുന്നു.
ബാലന്‍സ്ഷീറ്റ്
ഒരു നിശ്ചിത സമയപരിധിയിൽ കമ്പനിയുടെ പക്കൽ ഉള്ള ആസ്തികൾ (അസറ്റ്സ്), ബാധ്യതകൾ (ലയബിലിറ്റീസ്), ഇക്വിറ്റി എന്നിവയാണ് ബാലൻസ് ഷീറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒരു ബിസിനസ്സിന്റെ ഫൈനാന്‍ഷ്യൽ സ്ട്രക്ച്ചർ കാണിക്കുന്നതിനാൽ ആണ് ബാലൻസ്ഷീറ്റിനെ ആ പേര് വിളിക്കുന്നത്. താഴെക്കാണുന്ന ഫോർമുലയാണ് എപ്പോഴും ബാലൻസ്ഷീറ്റിൽ ഉപയോഗിക്കുന്നത്.
അസ്സറ്റ്സ് = ലയബിലിറ്റീസ് + ഷെയർ ഹോൾഡേഴ്സ് ഇക്വിറ്റി
അതായത് ലയബിലിറ്റിയും ഷെയർ ഹോൾഡേഴ്സ് ഇക്വിറ്റിയും ചേർന്നതാണ് കമ്പനിയുടെ മൊത്തം മൂല്യം.
അസറ്റ് എന്നത് കമ്പനിയുടെ ഉടമസ്ഥതയിൽ ഉള്ള സാധന സാമഗ്രികള്‍, യന്ത്രങ്ങള്‍, കെട്ടിടങ്ങള്‍, പണം എന്നിവയാണ്.
ലയബിലിറ്റി എന്നത് തിരിച്ചടക്കേണ്ടുന്ന കടം ആണ്. ഷെയർ ഹോൾഡേഴ്സ് ഇക്വിറ്റി എന്നത് ഉടമകൾ കമ്പനിക്ക് വേണ്ടി മുടക്കിയ തുകയാണ്.
ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ്
കമ്പനിക്ക് അകത്തേക്കും പുറത്തേക്കും ഉള്ള പണത്തിന്റെ പോക്ക് വരവിനെ കാണിക്കുന്ന സ്റ്റേറ്റ്മെന്റ് ആണ് ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ്. അതായത് ആസ്ഥികളുടെ വില്പന അല്ലെങ്കിൽ വാങ്ങൽ, അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപം അങ്ങനെ കമ്പനിയുടെ അകത്തേക്കും പുറത്തേക്കും ഉള്ള എല്ലാ പോക്കുവരവുകളും ഇതിൽ നിന്ന് മനസിലാക്കാം. ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ് കമ്പനിയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടത് തന്നെയാണ്.
നിക്ഷേപകർ ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ് കൃത്യമായി പരിശോധിക്കേണ്ടതാണ്, കൃതൃമത്വം നടത്തുവാൻ വളരെ പ്രയാസം ആയതിനാൽ ക്യാഷ്ഫ്ലോ സ്റ്റേറ്റ്മെന്റ് ഒരു പരിധിവരെ വിശ്വസനീയം ആണ് എന്ന് കരുതപ്പെടുന്നു.
2. ക്വാളിറ്റേറ്റിവ്
സ്വഭാവത്തെയോ ഗുണനിലവാരത്തെയോ അടിസ്ഥാനമാക്കിയുള്ള വിശകലനം ആണ് ക്വാളിറ്റേറ്റിവ് അനാലിസിസ്.
ക്വാളിറ്റേറ്റിവ് അനാലിസിസിനു പ്രധാനമായി നാല് കാര്യങ്ങൾ ആണ് പരിഗണിക്കുന്നത്.
ബിസിനസ്സ് മോഡൽ:
കമ്പനി പ്രധാനമായി എന്ത് ബിസിനസ്സ് ആണ് ചെയ്യുന്നതെന്നും, ആ ബിസിനസ്സിൽ കമ്പനി വിജയത്തിൽ ആണോ എന്നും പരിശോധിക്കുന്നു.
കിടമത്സരം:
ഒരു കമ്പനിയുടെ ദീർഘകാല വിജയത്തെ പ്രധാനമായും നയിക്കുന്നത് കിടമത്സരങ്ങൾ ആണ്. ഇങ്ങനെയുള്ള കിടമത്സരത്തിൽ കമ്പനിക്ക് ജയിക്കാനും, മറ്റ് കമ്പനികളുടെ മുൻപിൽ നിൽക്കാനും ഉള്ള കഴിവുണ്ടോ എന്നും ഇവിടെ പരിശോധിക്കുന്നു.
മാനേജ്മെന്റ്:
ഒരു കമ്പനിയുടെ വിജയത്തിനുള്ള പ്രധാന ഘടകം അതിന്റെ മാനേജ്മെന്റ് തന്നെയാണ്. എത്ര നല്ല ബിസിനസ്സ് മോഡൽ ആണെങ്കിലും അതിന്റെ വിജയത്തിന് നല്ല ഒരു മാനേജ്മെന്റ് ഉണ്ടാകണം.
ഭരണ നിർവ്വഹണം:
മാനേജ്മെന്റ്, ഡയറക്ടർമാർ, ഷെയർ ഹോൾഡർമാർ എന്നിവർ തമ്മിലുള്ള ആശയ വിനിമയം ശക്തമാക്കുകയും. ഇവർ തമ്മിലുള്ള ബന്ധങ്ങൾ നേരായ ദിശയിൽ കൊണ്ടു പോകുകയും, കമ്പനിയുടെ നിയമാവലി വ്യക്തമാക്കുകയും ചെയ്യുന്നതാണ് നല്ല രീതിയിലുള്ള ഭരണ നിർവ്വഹണം. അതുപോലെ തന്നെ മാനേജ്മെന്റ് ഷെയർഹോൾഡർമാരുടെ അവകാശങ്ങളെയും, താൽപ്പര്യങ്ങളെയും മാനിക്കുന്നുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. ഷെയർഹോൾഡർമാരുമായുള്ള അവരുടെ ആശയവിനിമയം സുതാര്യവും വ്യക്തവും മനസ്സിലാക്കാവുന്നതുമാണെന്ന് ഉറപ്പാക്കുക.