എന്താണ് ഒരു ഷെയർ അഥവാ ഓഹരി
നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഒരു ഷെയർ അഥവാ ഓഹരി എന്ന്? സാമ്പത്തിക വിപണി അഥവാ ഫിനാൻഷ്യൽ മാർക്കറ്റിൽ പാർട്ണർഷിപ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ (Mutual Fund), റിയൽ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റുകൾ (Real Estate Investment Trust) എന്നിവ ഉപയോഗിക്കുന്ന ഒരു യൂണിറ്റാണ് (അളവ്) ഒരു ഷെയർ അഥവാ ഓഹരി എന്ന് പറയപ്പെടുന്നത്.
അതായത് ഒരു കമ്പനിയുടെ മൊത്തം ഉടമസ്ഥാവകാശത്തെ ചെറിയ ചെറിയ ഭാഗങ്ങളായി മാറ്റുകയും അങ്ങനെയുള്ള ഓരോ ഭാഗത്തെയും വിളിക്കുന്ന പേരാണ് ഒരു ഷെയർ അഥവാ ഓഹരി എന്ന്.
ഓരോ സ്ഥാപനങ്ങളുടെയും മൊത്തം ഷെയറുകളും ചേർന്ന് ഷെയർ ക്യാപിറ്റൽ (Share Capital) എന്നും അറിയപ്പെടുന്നു. കമ്പനിയിലെ ഷെയറുകളുടെ (ഓഹരികളുടെ) ഉടമ അതിന്റെ ഷെയർഹോൾഡർ എന്നും അറിയപ്പെടുന്നു.
കമ്പനിയും ഷെയർഹോൾഡറും തമ്മിലുള്ള ഉടമസ്ഥാവകാശത്തിന്റെ ബന്ധം മനസിലാക്കി തരുന്ന ഒരു അവിഭാജ്യ യൂണിറ്റാണ് ഒരു ഷെയർ അഥവാ ഓഹരി.
ഒരു ഷെയറിന്റെ മൂല്യം എന്നത് അതിൻ്റെ മുഖവിലയാണ് (face value) , കൂടാതെ വിപണിയിൽ അവതരിപ്പിച്ചിട്ടുള്ള ഷെയറുകളുടെ ആകെ മുഖവില ഒരു കമ്പനിയുടെ മൊത്തം മൂലധനത്തെ പ്രതിനിധീകരിക്കുന്നു.
പക്ഷേ മുഖവില ആ ഓഹരികളുടെ വിപണി മൂല്യത്തെ സ്വാധീനിക്കാറില്ല.
ഓഹരികളുടെ ഉടമസ്ഥന് ഓഹരിയിൽ നിന്ന് ലഭിക്കുന്ന വരുമാനം ലാഭവിഹിതമെന്നാണ് (Divident) അറിയപ്പെടുന്നത്.
ഇക്വിറ്റി ഷെയറുകൾ (equity shares), മുൻഗണനാ ഓഹരികൾ (preference shares), മാറ്റിവെച്ച ഷെയറുകൾ (deferred shares), റിഡീം ചെയ്യാവുന്ന ഷെയറുകൾ (redeemable shares), ബോണസ് ഷെയറുകൾ (bonus shares), റൈറ്റ് ഷെയറുകൾ (right shares), എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷൻ പ്ലാൻ ഷെയറുകൾ (employee stock option plan shares) എന്നിങ്ങനെ വ്യത്യസ്ത തരം ഷെയറുകളുണ്ട്.
അതേസമയം മുകളിൽ പറഞ്ഞ ഏതെല്ലാം തരത്തിൽ ഒരു കമ്പനി അതിന്റെ ഷെയറുകൾ അവതരിപ്പിച്ചിട്ടുണ്ടോ അവയെ എല്ലാം ചേർത്ത് പറയുന്ന വാക്കാണ് സ്റ്റോക്ക് എന്നത് (ഷെയറിനെ തന്നെ സ്റ്റോക്ക് എന്നും പലപ്പോഴും വിളിക്കാറുണ്ട്).
ഷെയർ ഹോൾഡർക്ക് കൈവശമുള്ള ഷെയറിന്റെ ആനുപാതികമായി ആണ് വോട്ടവകാശം, ലാഭവിഹിതം എന്നിങ്ങനെയുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നത്.
ഒരു സ്റ്റോക്കിന്റെ ഘടന അനുസരിച്ച് സ്റ്റോക്ക് ഹോൾഡറിന്റെ വോട്ടവകാശം അല്ലെങ്കിൽ ലാഭവിഹിതം എന്നിങ്ങനെയുള്ള അവാകാശങ്ങളിൽ മാറ്റങ്ങൾ വരാറുണ്ട്.
സ്റ്റോക്കുകൾ സ്വകാര്യമായോ, സ്റ്റോക്ക് എക്സ്ചേഞ്ചുകളിലോ വാങ്ങുകയും വിൽക്കുകയും ചെയ്യപ്പെടാറുണ്ട്.
വഞ്ചന തടയുന്നതിനും നിക്ഷേപകരെ സംരക്ഷിക്കുന്നതിനും, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്നതിനുമായി ഇങ്ങനെയുള്ള ഇടപാടുകൾ ഗവൺമെന്റുകൾ നേരിട്ട് നിയന്ത്രിക്കുന്നു.
ഇന്ത്യയിലെ ഓഹരി ഇടപാടുകൾ നിയന്ത്രിക്കുന്ന ഏജൻസി സെബി (SEBI) ആണ്.
ഇലക്ട്രോണിക് രൂപത്തിൽ ഡിമാറ്റ് അക്കൗണ്ട് എന്ന് അറിയപ്പെടുന്ന അക്കൗണ്ട്കളിൽ ആണ് സ്റ്റോക്കുകൾ ഡിപ്പോസിറ്ററികൾ എന്നറിയപ്പെടുന്ന സ്ഥാപനങ്ങളിൽ അവയുടെ ഉടമസ്ഥനുവേണ്ടി സൂക്ഷിക്കുന്നത്.
ഇന്ത്യയിലെ ഡെപ്പോസിറ്ററികൾ എൻ എസ്സ് ഡി എൽ ( (NSDL) National Securities Depository Limited ) , സി ഡി എസ്സ് എൽ ((CDSL) Central Depository Service (India) Limited ) എന്നിവയാണ്.
ഡിപ്പോസിറ്ററികൾ സാധാരണയായി ഡെപ്പോസിറ്ററി പാർട്ടിസിപ്പൻഡ് എന്നറിയപ്പെടുന്ന അതിൻ്റെ ഏജന്റുമാർ മുഖേനയാണ് അവയുടെ ക്ലയന്റുകളുമായും നിക്ഷേപകരുമായും ഇടപാടുകൾ നടത്തുന്നത്.