ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഹരി (Share) പൊതു ജനങ്ങൾക്കും മറ്റ് നിക്ഷേപ സ്ഥാപനങ്ങൾക്കും വാങ്ങാൻ വാഗ്ദാനം ചെയ്യുന്ന പ്രകൃയയാണ് initial public offering അഥവാ ഐപിഓ എന്ന് അറിയപ്പെടുന്നത്.
പൊതു നിക്ഷേപകരിൽ നിന്ന് മൂലധനം സ്വരൂപിക്കാൻ ഒരു ഐപിഒ വഴി കമ്പനികൾക്ക് സാധിക്കുന്നു. ഈ പ്രക്രിയയിലൂടെ ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള കമ്പനി ഒരു പൊതു കമ്പനിയായി രൂപാന്തരപ്പെടുന്നു.
ഇൻവെസ്റ്റ് മെന്റ് ബാങ്കുകളുടെ സഹായത്തോടു കൂടിയാണ് സ്വകാര്യ കമ്പനികൾ അവരുടെ ഐപിഓയ്ക്ക് വേണ്ടി ഓഹരിയുടെ വിലനിർണയം, ഡിമാൻഡ് പരിശോധന, കമ്പനിയുടെ മൂല്യ നിർണയം എന്നിവയും, കൂടാതെ ഐപിഓ യുടെ ഓപ്പണിങ്ങ് തീയതി, ക്ലോസിങ്ങ് തീയതി, അലോട്ട്മെന്റ് തീയതി, റീഫണ്ട് തീയതി എന്നിങ്ങനെയുള്ള തീയതികളുടെ നിർണയം എന്നിവയും നടത്തുന്നത്.
കൂടുതൽ നിക്ഷേപകർക്ക് ഇങ്ങനെ വിപണിയിൽ പുതിയതായി എത്തുന്ന ഓഹരി വാങ്ങുവാനും വിൽക്കുവാനും സാധിക്കുന്നതിലൂടെ ഓഹരിയുടെ മൂല്യം വർധിക്കാനും നിക്ഷേപകർക്ക് വലിയ മൂലധന നേട്ടം ഉണ്ടാക്കാനും ഐപിഓ സഹായിക്കുന്നു.
ഐപിഒ കമ്പനിക്കും അതിന്റെ സ്ഥാപകർക്കും എങ്ങനെ നേട്ടം നൽകുന്നു?
കമ്പനിയുടെ സ്ഥാപകർക്കും ആദ്യകാല നിക്ഷേപകർക്കും അവരുടെ സ്വകാര്യ നിക്ഷേപത്തിൽ നിന്നുള്ള മുഴുവൻ ലാഭവും മനസ്സിലാക്കുന്ന ഒരു എക്സിറ്റ് തന്ത്രമായി ഒരു ഐപിഒയെ കാണാൻ കഴിയും.
ഐപിഒ ഒരു കമ്പനിയെ സംബന്ധിച്ചിടത്തോളം വലിയ ഒരു ചുവടുവെപ്പാണ്, കാരണം ഐപിഒ കമ്പനിക്ക് ധാരാളം പണം സ്വരൂപിക്കുന്നതിനുള്ള വഴി തെളിയിക്കുന്നു. കമ്പനിക്ക് വളരാനും വികസിക്കാനുമുള്ള കഴിവ് ഐപിഒ നേടിക്കൊടുക്കുന്നു.
ഫണ്ടുകൾ കടമെടുക്കേണ്ടി വരുമ്പോൾ ലിസ്റ്റിംഗ് ചെയ്യുന്നതിലൂടെ നേടിയെടുക്കുന്ന വിശ്വാസ്യതയും, സുതാര്യതയും കമ്പനികളെ വളരെ സഹായിക്കും.
പൊതുവേ കമ്പനിയുടെ സ്വകാര്യ നിക്ഷേപകർക്ക് അവർ പ്രതീക്ഷിക്കുന്ന വരുമാനം നേടാനും പണം സമ്പാദിക്കാനുമുള്ള ഒരു പ്രധാന സമയമാണ് കമ്പനിയുടെ പൊതു വിപണിയിലേക്കുള്ള മാറ്റം.
സ്വകാര്യ ഓഹരിയുടമകൾ ആയിരുന്നവർക്ക് പൊതു വിപണിയിലെ പ്രവേശനത്തോടെ അവരുടെ ഓഹരികൾ കൈവശം വയ്ക്കുകയോ, ഭാഗങ്ങളായോ അല്ലെങ്കിൽ മൊത്തമായോ വിൽക്കാനും ലാഭം എടുക്കാനും സാധിക്കുന്നു.
ഐപിഒ യുടെ വിവിധ ഘട്ടങ്ങൾ
ഒരു കമ്പനിയുടെ ഐപിഓ താഴെ പറയുന്ന ഘട്ടങ്ങളിലൂടെയാണ് നടക്കുന്നത്.
1. ഒരു അണ്ടർറൈറ്ററിന്റെയോ ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെയോ നിയമനം.
ഒരു കമ്പനി ഐപിഒ ഇറക്കുവാൻ തീരുമാനിക്കുമ്പോൾ ആദ്യം തന്നെ ഐപിഒ പ്രക്രിയയിൽ വൈദഗ്ദ്ധ്യം നേടിയ അണ്ടർറൈറ്റർമാർ അല്ലെങ്കിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കുകളെ നിയമിക്കുന്നു.
ചിലപ്പോൾ ഒന്നിലധികം ബാങ്കുകളെയോ അണ്ടർറൈറ്റർമാരെയോ നിയമിക്കാറുണ്ട്. ഇവർ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പഠിക്കുകയും കമ്പനിക്കും നിക്ഷേപകർക്കും ഇടയിൽ ഇടനിലക്കാരായി പ്രവർത്തിച്ചുകൊണ്ട് ഐപിഒ പ്രക്രിയയെ നയിക്കുകയും ചെയ്യുന്നു.
2. ഐപിഒയ്ക്കായുള്ള രജിസ്ട്രേഷൻ.
കമ്പനി നിയമം അനുസരിച്ച് നിർബന്ധമായി ചെയ്യേണ്ടുന്ന ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസും രജിസ്ട്രേഷൻ സ്റ്റേറ്റ്മെന്റും സൃഷ്ടിക്കുന്നതാണ് അടുത്ത ഘട്ടത്തിൽ സംഭവിക്കുന്നത്.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസിൽ കമ്പനിയെക്കുറിച്ചുള്ള പ്രധാന ഘടകങ്ങളായ അതിന്റെ സാമ്പത്തികം, അതിന്റെ ശക്തികൾ, അപകടസാധ്യതകൾ എന്നിവ ഉൾപ്പെടുന്നു.
അതുപോലെ എന്തിന് വേണ്ടിയാണ് ഐപിഒ വഴി ഫണ്ട് സ്വരൂപിക്കുന്നത്, ഈ ഫണ്ടുകൾ എവിടെയാണ് ഉപയോഗിക്കുന്നത് എന്നിവയും ഇതിൽ ഉൾക്കൊള്ളുന്നു. കമ്പനി നിയമിക്കുന്ന ഇൻവെസ്റ്റ്മെന്റ് ബാങ്കുകളാണ് ഈ രേഖകൾ തയ്യാറാക്കുന്നത്.
കമ്പനിയിൽ നിക്ഷേപിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ നിക്ഷേപകരെ വളരെ അധികം സഹായിക്കുന്ന വിവരങ്ങളുടെ ഉറവിടമായി പ്രവർത്തിക്കുന്നതിനാൽ ഡിആർഎച്ച്പി ഏറ്റവും പ്രധാനപ്പെട്ട രേഖകളിലൊന്നാണ്. ഈ രേഖ ഐപിഒ വിപണനം ചെയ്യാൻ വേണ്ടി അണ്ടർറൈറ്റർമാരും ഉപയോഗിക്കുന്നു.
3. സെബിയുടെ ഭാഗത്തുനിന്നുള്ള വെരിഫിക്കേഷൻ.
പ്രോസ്പെക്ടസ് സമർപ്പിച്ചതിന് ശേഷം സെബി (SEBI) രേഖകൾ പരിശോധിച്ച് കമ്പനിയെക്കുറിച്ചുള്ള എല്ലാ പ്രധാന വിശദാംശങ്ങളും വെളിപ്പെടുത്തിയതായി ഉറപ്പ് വരുത്തുന്നു.
എന്തെങ്കിലും പിശകുകളുണ്ടെന്നോ, മതിയായ വിവരങ്ങൾ ഇല്ലെന്നോ സെബിക്ക് തോന്നുന്നുവെങ്കിൽ, സെബി തെറ്റ് തിരുത്താൻ ആവശ്യപ്പെട്ട് കമ്പനിക്ക് ഈ രേഖകൾ തിരിച്ചയക്കും.
തുടർന്ന് കമ്പനി ഈ രേഖകൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം വീണ്ടും രജിസ്ട്രേഷനായി നൽകുകയും ചെയ്യുന്നു.
രേഖകൾ പൂർണമാണെന്ന് ബോധ്യപ്പെട്ടാൽ സെബി ഐപിഒ യുമായി മുൻപോട്ട് പോകാൻ കമ്പനിയെ അനുവദിക്കും. പൊതുജനങ്ങൾക്ക് ഓഫർ ലഭ്യമാക്കുന്നതിന് കുറഞ്ഞത് 3 ദിവസം മുമ്പെങ്കിലും റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് സമർപ്പിക്കേണ്ടതുണ്ട്.
4. സ്റ്റോക്ക് എക്സ്ചേഞ്ചിൽ അപേക്ഷ സമർപ്പിക്കുന്നു.
ലിസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്ന സ്റ്റോക്ക് എക്സ്ചേഞ്ചിലെക്ക് കമ്പനി അപേക്ഷ നൽകുകയാണ് അടുത്ത ഘട്ടം.
5. റോഡ്ഷോ.
അടുത്ത ഘട്ടം ഐപിഒയുടെ പ്രമോഷനാണ്. നിയുക്ത ഇൻവെസ്റ്റ്മെന്റ് ബാങ്കർമാരും അണ്ടർ റൈറ്റർമാരുമാണ് ഇത് ഏറ്റെടുക്കുന്നത്. അവർ പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ വേണ്ടി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തും.
നിക്ഷേപകരുടെ ശ്രദ്ധ ആകർഷിക്കുന്നതിന് വേണ്ടി ഇവർ ഐപിഒയെ കുറിച്ച് പരസ്യം ചെയ്യുന്നു, ബിസിനസ് അനലിസ്റ്റുകളെയും ഫണ്ട് മാനേജർമാരെയും കണ്ട് അവർ ഐപിഒയെ കുറിച്ചുള്ള ചോദ്യോത്തര പരിപാടികൾ, ചെറിയ ഗ്രൂപ്പ് മീറ്റിംഗുകൾ, വെർച്വൽ മീറ്റിംഗുകൾ മുതലായവ സംഘടിപ്പിച്ച് ഐപിഒയ്ക്ക് മാക്സിമം നിക്ഷേപകരെ സംഘടിപ്പിക്കുന്നു.
6. ഐപിഒയുടെ വിലനിർണ്ണയം.
വില നിർണയിക്കാനായി കമ്പനിക്ക് ഒന്നുകിൽ ഫിക്സഡ് പ്രൈസ് ഐപിഒ അല്ലെങ്കിൽ ബുക്ക് ബിൽഡിംഗ് ഇഷ്യു എന്നങ്ങനെ രണ്ട് ഓപ്ഷനുകൾ ആണുള്ളത്. ഫിക്സഡ് പ്രൈസ് ഓപ്ഷൻ അനുസരിച്ച് കമ്പനിക്ക് ഓഹരിയുടെ വില മുൻകൂട്ടി നിശ്ചയിക്കാനും അത് നേരത്തേ തന്നെ പ്രഖ്യാപിക്കാനും കഴിയും.
ബുക്ക് ബിൽഡിംഗ് ഓപ്ഷൻ അനുസരിച്ച് നിക്ഷേപകന് അപേക്ഷിക്കാൻ കഴിയുന്ന ഒരു പ്രൈസ് ബാൻഡ് കമ്പനി സജ്ജീകരിക്കുന്നു.
നിക്ഷേപകർക്ക് അപേക്ഷിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ വിലയായ ഐപിഒ ഫ്ലോർ വിലയും അവർക്ക് അപേക്ഷിക്കാവുന്ന പരമാവധി വിലയായ ഐപിഒ ക്യാപ് വിലയും നിശ്ചയിക്കുന്നു. ഇതനുസരിച്ച് ഏറ്റവും കൂടുതൽ അപേക്ഷകൾ ഏത് വിലക്കാണോ ലഭിച്ചത് ആ വിലയാണ് ഇഷ്യൂവിന് വേണ്ടി തീരുമാനിക്കപ്പെടുന്നത്.
7. ഐപിഒയുടെ അലോട്ട്മെന്റ്.
സാധാരണയായി അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ അന്തിമ പ്രോസ്പെക്ടസും അപേക്ഷാ ഫോമുകളും ഓൺലൈനായും ഓഫ്ലൈനായും പൊതുജനങ്ങൾക്ക് ലഭ്യമാക്കും.
ഈ കാലയളവിൽ നിക്ഷേപകർക്ക് ഐപിഒയ്ക്ക് വേണ്ടി അപേക്ഷിക്കാം. വില നിശ്ചയിച്ചുകഴിഞ്ഞാൽ, അപേക്ഷിക്കേണ്ടുന്ന അവസാന തീയതി മുതൽ 10 ദിവസത്തിനുള്ളിൽ തന്നെ അർഹതപ്പെട്ട ഓരോ അപേക്ഷകനും എത്ര ഓഹരികൾ അനുവദിക്കണമെന്ന് കമ്പനിയും അണ്ടർറൈറ്റേഴ്സും ഒരുമിച്ച് തീരുമാനം എടുക്കും.
ഷെയറുകൾ ഓവർസബ്സ്ക്രൈബ് (കൂടുതൽ അപേക്ഷകൾ) ചെയ്യപ്പെട്ടാൽ ഓഹരി ഒന്നും അനുവദിക്കപ്പെടാത്ത ശേഷിക്കുന്ന അപേക്ഷകർക്ക് റീഫണ്ട് നൽകുകയും ചെയ്യും.