ആമുഖം: എന്താണ് ഒരു ആനുവൽ റിപ്പോർട്ട് അഥവാ വാർഷിക റിപ്പോർട്ട്?
ഒരു കമ്പനിയെക്കുറിച്ചുള്ള പ്രധാന സാമ്പത്തിക വിവരങ്ങളും മറ്റ് വിവരങ്ങളും ഉൾക്കൊള്ളുന്ന ഒരു രേഖയാണ് ആനുവൽ റിപ്പോർട്ട്. സാധാരണയായി ഇത് എല്ലാ വർഷവും കമ്പനികൾ പ്രസിദ്ധീകരിക്കുന്നു.
നിക്ഷേപകർക്ക് ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗമാണ് കമ്പനിയുടെ ആനുവൽ റിപ്പോർട്ട്.
ആനുവൽ റിപ്പോർട്ട് ഒരു പ്രത്യേക ഫോർമാറ്റിൽ എഴുതുകയും, ചില മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുകയും വേണം. ഇടക്കാല റിപ്പോർട്ട് അല്ലെങ്കിൽ ഓഡിറ്റ് ചെയ്ത സാമ്പത്തിക പ്രസ്താവന എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വാർഷിക റിപ്പോർട്ടുകളുണ്ട്.
വാർഷിക റിപ്പോർട്ട് ഒരു കമ്പനി അതിന്റെ നിക്ഷേപകരെ ആകർഷിക്കാൻ കൂടി രൂപകൽപ്പന ചെയ്ത ഒരു മാർക്കറ്റിംഗ് ആണ്, കൂടാതെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചട്ടങ്ങൾ ലംഘിക്കാതെ തന്നെ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ കമ്പനികൾ ശ്രമിക്കും.
ഒരു ആനുവൽ റിപ്പോർട്ട് എന്തെല്ലാം പ്രധാന കാര്യങ്ങൾ ഉൾക്കൊള്ളുന്നു?
വാർഷിക റിപ്പോർട്ടിൽ ഉള്ള പ്രധാന കാര്യം കമ്പനിയുടെ സാമ്പത്തിക വിവരങ്ങളും കമ്പനി അത് എങ്ങനെ നേടിയെടുത്തു എന്നിങ്ങനെ ഉള്ള വിവരങ്ങളുമാണ്.
ഒരു കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്കളിലൂടെയും മറ്റ് നോൺ-ഫിനാൻഷ്യൽ ഡാറ്റയിലൂടെയും കമ്പനിയുടെ സാമ്പത്തിക സ്ഥിതി ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്ന പ്രധാന റിപ്പോർട്ട് ആണ് ആനുവൽ റിപ്പോർട്ട്.
കമ്പനി എല്ലാ വർഷവും പുറത്തുവിടേണ്ട ഏറ്റവും പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് വാർഷിക റിപ്പോർട്ട്.
കമ്പനിയുടെ ധനകാര്യം, അതിന്റെ നവീകരണം, സുസ്ഥിരത അങ്ങനെയുള്ള എല്ലാ മേഖലകളിലും കമ്പനി എന്താണ് നേടിയതെന്ന് ഇത് ഉൾക്കാഴ്ച നൽകുന്നു.
ആനുവൽ റിപ്പോർട്ട് 3 ഘട്ടങ്ങളിലായി എങ്ങനെ വായിക്കാം.
വാർഷിക റിപ്പോർട്ട് പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള 3-ഘട്ടങ്ങളിലായുള്ള വായന എങ്ങനെ എന്ന് നോക്കാം.
ഘട്ടം 1: കമ്പനിയുടെ മിഷൻ സ്റ്റേറ്റ്മെന്റ് മനസ്സിലാക്കുക.
മിഷൻസ്റ്റേറ്റ്മെന്റുകൾ സ്ഥാപനത്തിന്റെ ഉദ്ദേശ്യവും അതിന്റെ പ്രാഥമിക ലക്ഷ്യങ്ങളും എന്തെന്ന് പറയുന്നു.
കമ്പനിയിലെ നിക്ഷേപകർക്കും, മറ്റുള്ള ആളുകൾക്കും കമ്പനി നല്ല ഒരു ബിസിനസ്സ് ആയി നിലനിൽക്കുന്നത് എങ്ങനെ എന്നും വിശദീകരിക്കുന്നു. മിഷൻസ്റ്റേറ്റ്മെന്റുകൾ ചെറുതും വളരെ വ്യക്തവും ആയിരിക്കും.
ഘട്ടം 2: കീ പെർഫോമൻസ് സൂചകങ്ങൾ (കെപിഐ) തിരിച്ചറിയുക.
കീ പെർഫോമൻസ് ഇൻഡിക്കേറ്റർ (കെപിഐ) എന്നത് ഒരു കമ്പനി എത്ര ഫലപ്രദമായി പ്രധാന ബിസിനസ്സ് ലക്ഷ്യങ്ങൾ കൈവരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു അളവുകോലാണ്.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലെ വിജയം വിലയിരുത്താൻ ഓർഗനൈസേഷനുകൾ കെപിഐകൾ ഉപയോഗിക്കുന്നു.
ഉയർന്ന തലത്തിലുള്ള കെപിഐകൾ ബിസിനസിന്റെ മൊത്തത്തിലുള്ള പ്രകടനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം, അതേസമയം താഴ്ന്ന നിലയിലുള്ള കെപിഐകൾ സെയിൽസ്, മാർക്കറ്റിംഗ്, എച്ച്ആർ അല്ലെങ്കിൽ സപ്പോർട്ട് തുടങ്ങിയ വകുപ്പുകളിലുടനീളമുള്ള പ്രക്രിയകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം.
ഘട്ടം 3: ഫിനാൻഷ്യൽ റേഷ്യോകൾ ഇൻഡസ്ട്രിയുമായും മറ്റ് കമ്പനികളുമായും തുലനം ചെയ്യുക.
ഒരു കമ്പനിയുടെ സാമ്പത്തിക ആരോഗ്യം അളക്കാനും ഇൻഡസ്ട്രിയിലെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യാനും ഫിനാൻഷ്യൽ റേഷ്യോകൾ നിക്ഷേപകരെ സഹായിക്കുന്നു.
ലിക്വിഡിറ്റി റേഷ്യോകൾ, ആക്ടിവിറ്റി റേഷ്യോകൾ, ഡെറ്റ്-ഇക്വിറ്റി റേഷ്യോകൾ, പ്രോഫിറ്റബിലിറ്റി റേഷ്യോകൾ എന്നിങ്ങനെ നാല് പ്രധാന തരം അനുപാതങ്ങൾ ഒരു കമ്പനിയുടെ സാമ്പത്തിക സ്ഥിരത വിലയിരുത്തുമ്പോൾ ഒരു നിക്ഷേപകൻ അറിയേണ്ടതായുണ്ട്.
ഒരു കമ്പനിയുടെ ആനുവൽ റിപ്പോർട്ട് എവിടെ കണ്ടെത്താനാകും?
നിങ്ങൾ ഒരു കമ്പനിയുടെ ഷെയർഹോൾഡറാണെങ്കിൽ, എല്ലാ വർഷവും അവരുടെ വാർഷിക റിപ്പോർട്ട് നിങ്ങൾക്ക് ലഭിക്കും. മിക്ക കമ്പനികളും അവരുടെ റിപ്പോർട്ടുകൾ ഷെയർഹോൾഡറുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയിൽ അയച്ച് കൊടുക്കാറുണ്ട്.
നിങ്ങൾ ഒരു ഷെയർഹോൾഡർ അല്ലെങ്കിൽ, ഒരു കമ്പനിയുടെ വെബ്സൈറ്റിൽ നിങ്ങൾക്ക് വാർഷിക റിപ്പോർട്ടുകൾ കണ്ടെത്താനാകും. അവരുടെ വെബ്പേജ് സന്ദർശിച്ച് ‘ഇൻവെസ്റ്റർ റിലേഷൻസ്’ എന്ന മെനു-വിഭാഗത്തിന് കീഴിൽ വാർഷിക റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാൻ കഴിയും.
അതുമല്ലെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്താൽ NSE യുടെ സൈറ്റിൽ എത്തി കമ്പനിയുടെ പേര് നൽകിയാൽ വാർഷിക റിപ്പോർട്ട് ഡൌൺലോഡ് ചെയ്യാൻ സാധിക്കും.
ഒരു ആനുവൽ റിപ്പോർട്ട് കാണിച്ച് തരുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെ?.
1. കമ്പനി പ്രൊഫൈൽ.
ഏത് വ്യവസായത്തിലാണ് ബിസിനസ് പ്രവർത്തിക്കുന്നത്?, കമ്പനിയുടെ ഉപഭോക്താക്കൾ ആരാണ്?,കമ്പനിയുടെ ഉൽപ്പന്നങ്ങൾ എന്തൊക്കെയാണ്, എത്രയെണ്ണം ഉണ്ട്?, അവരുടെ പ്രധാന എതിരാളികൾ ആരാണ്?, കമ്പനിയുടെ ആഗോള പ്രവർത്തനം എങ്ങനെയാണ്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകുന്നതിനാലാണ് ഒരു കമ്പനിയുടെ പ്രൊഫൈൽ നിക്ഷേപകൻ മനസിലാക്കണം എന്ന് പറയുന്നത്.
കമ്പനിയുടെ ഗുണപരമായ അനാലിസിസ് നടത്താൻ, കമ്പനിയുടെ ഘടന മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, അവരുടെ എതിരാളികളെ മനസ്സിലാക്കുന്നത് രണ്ട് കമ്പനികളെ താരതമ്യം ചെയ്യാനും മികച്ചത് തിരഞ്ഞെടുക്കാനും നിക്ഷേപകൻ അനുവദിക്കുന്നു.
2. ചെയർമാന്റെ സന്ദേശം.
കമ്പനിയുടെ ചെയർമാൻ കമ്പനിയുടെ ഓഹരി ഉടമകളോട് നടത്തുന്ന ഒരു ചെറിയ പ്രസംഗമാണ് ചെയർമാന്റെ സന്ദേശം. കമ്പനിയുടെ നിരവധി തന്ത്രങ്ങളും പ്രവർത്തനങ്ങളും ഇത് എടുത്തുകാണിക്കുന്നു. അവരുടെ നേട്ടങ്ങളെക്കുറിച്ചും അവരുടെ ദീർഘകാല ലക്ഷ്യങ്ങൾ എങ്ങനെ പിന്തുടരാൻ അവർ ഉദ്ദേശിക്കുന്നുവെന്നും ഇതിലൂടെ നിക്ഷേപകന് മനസിലാക്കാൻ കഴിയും.
3. മാനേജ്മെന്റ് ചർച്ചയും വിശകലനവും (ഡിസ്കഷൻസ് ആൻഡ് അനാലിസിസ്).
ഒരു കമ്പനിയുടെ വാർഷിക റിപ്പോർട്ടിന്റെ ഏറ്റവും പ്രധാനപ്പെട്ട വശങ്ങളിലൊന്ന് മാനേജ്മെന്റ് കമന്ററി അല്ലെങ്കിൽ മാനേജ്മെന്റ് ഡിസ്കഷൻസ് ആൻഡ് അനാലിസിസ് ആണ്. കമ്പനിയുടെ മാനേജ്മെന്റ് അവരുടെ ചിന്തകൾ, വെല്ലുവിളികൾ, കാഴ്ചപ്പാട് എന്നിവ പ്രകടിപ്പിക്കുന്നു. കൂടാതെ, കമ്പനിയുടെ ലക്ഷ്യങ്ങളും വരാനിരിക്കുന്ന പ്രോജക്ടുകളും മാനേജ്മെന്റ് വിശദീകരിക്കുന്നു.
4. കോർപ്പറേറ്റ് ഗവെർണൻസ്.
കമ്പനിക്കുള്ളിൽ എന്തെങ്കിലും തർക്കങ്ങൾ ഉണ്ടെങ്കിൽ അതിന്റെ ബിസിനസ്സ് വളരാൻ സാധ്യത കുറവാണ്. ഇന്റേണൽ മാനേജ്മെന്റ് തലത്തിൽ കലഹം ഉള്ള കമ്പനി ആണെങ്കിൽ ഒരു നിക്ഷേപകൻ അവരുടെ പണം ആ കമ്പനിയിൽ നിക്ഷേപിക്കാൻ താല്പര്യം കാണിക്കില്ല.
ബിസ്സിനസ്സ് എങ്ങനെ പ്രവർത്തിക്കണം എന്നതിനെ നിയന്ത്രിക്കുന്ന ഒരു നിയമ വ്യവസ്ഥയെ ആണ് കോർപ്പറേറ്റ് ഗവെർണൻസ് എന്ന് വിളിക്കുന്നത്. സ്ഥാപനം ധാർമ്മികമായ രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അവർ ഉറപ്പ് വരുത്തുന്നു.
ശക്തമായ കോർപ്പറേറ്റ് ഗവെർണൻസ് നിക്ഷേപകർക്ക് സുരക്ഷിതത്വബോധം നൽകുന്നു. കമ്പനിയുടെ പ്രവർത്തന കാര്യക്ഷമതയും മെച്ചപ്പെട്ട സാമ്പത്തിക പ്രവർത്തനങ്ങളും കോർപ്പറേറ്റ് ഗവെർണൻസ് കാണിച്ച് തരുന്നു. കോർപ്പറേറ്റ് പരാജയങ്ങൾ മോശം കോർപ്പറേറ്റ് ഗവെർണൻസ് മൂലമാണ് പലപ്പോഴും സംഭവിക്കുന്നത്.
കോർപ്പറേറ്റ് ഭരണം വിലയിരുത്തുമ്പോൾ നിക്ഷേപകർ ഡയറക്ടർ ബോർഡിൽ, ആരാണ് ഷെയർഹോൾഡർമാരെ പ്രതിനിധീകരിക്കുന്നത്?, കമ്പനിയുടെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപകർ ആരാണ്?, ഓഹരി ഉടമകളുടെ അവകാശങ്ങൾ എത്രത്തോളം ശക്തമാണ്?, ദീർഘകാല അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള കമ്പനിയുടെ തന്ത്രം എന്താണ്? എന്നീ കാര്യങ്ങൾ ശ്രദ്ദിക്കണം, കൂടാതെ കമ്പനിയുടെ നയങ്ങളും, ക്രെഡിറ്റ് റേറ്റിംഗും നന്നായി പരിശോധിക്കണം.
5. ഡയറക്ടറുടെ റിപ്പോർട്ട്
ഡയറക്ടറുടെ റിപ്പോർട്ട് കമ്പനിയുടെ മുൻകാല പ്രകടനത്തിന്റെ സംഗ്രഹം ഉൾക്കൊള്ളുന്നു. കമ്പനിയുടെ ഭാവി തന്ത്രങ്ങളെക്കുറിച്ചും അത് എങ്ങനെ നടപ്പാക്കുമെന്നും ഡയറക്ടറുടെ റിപ്പോർട്ട് പറയുന്നു.
കമ്പനി സാമ്പത്തിക ചട്ടങ്ങളും മറ്റ് ഉത്തരവാദിത്തങ്ങളും പാലിക്കുന്നുണ്ടോ എന്ന് ഡയറക്ടറുടെ റിപ്പോർട്ട് തെളിയിക്കുന്നു. കമ്പനിയുടെ വിജയത്തെക്കുറിച്ച് മികച്ച കാഴ്ചപ്പാട് ലഭിക്കുന്നതിന്, കഴിഞ്ഞ മൂന്ന് നാല് വർഷങ്ങളിലെ ഡയറക്ടറുടെ റിപ്പോർട്ട് വായിക്കുന്നത് നല്ലതാണ്.
6. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്.
ഒരു കമ്പനിയെക്കുറിച്ച് അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് അതിന്റെ ഫിനാൻഷ്യൽ സ്റ്റേറ്റ് മെന്റാണ് . ഇത് ഒരു ബിസിനസ്സിന്റെ സാമ്പത്തിക പ്രകടനത്തെയും അവസ്ഥയെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നു. ഒരു കമ്പനിയുടെ ഭൂതകാലവും ഭാവിയിലെ പ്രകടനവും വിലയിരുത്താൻ ഈ സ്റ്റേറ്റ് മെന്റുകൾ ഉപയോഗിക്കാം.
അടിസ്ഥാന പരമായ മൂന്ന് സ്റ്റേറ്റ് മെന്റുകൾ ഉണ്ട്.
1. ബാലൻസ് ഷീറ്റ്.
ഒരു സ്ഥാപനത്തിന്റെ നിശ്ചിത കാലയളവിലുള്ള സാമ്പത്തിക സ്ഥിതി ആണ് ബാലൻസ് ഷീറ്റ് മനസിലാക്കി തരുന്നത്.
ഒരു ബാലൻസ് ഷീറ്റിൽ താഴെപറയുന്ന വിധത്തിൽ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്:
ആസ്തികൾ – കമ്പനിയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ആസ്തികൾ.
ബാധ്യതകൾ- കമ്പനി കൊടുത്ത് തീർക്കേണ്ട കടങ്ങളാണ് ബാധ്യതകൾ.
ഇക്വിറ്റി – കമ്പനിയുടെ ഓഹരി ഉടമകളുടെ ഓഹരിയെ ഇക്വിറ്റി എന്ന് വിളിക്കുന്നു.
2. പ്രോഫിറ്റ് ആൻഡ് ലോസ്സ് സ്റ്റേറ്റ്മെന്റ്.
ഒരു നിശ്ചിത കാലയളവിലെ കമ്പനിയുടെ വരുമാനവും ചെലവും പ്രോഫിറ്റ് ആൻഡ് ലോസ്സ് സ്റ്റേറ്റ്മെന്റ് കാണിച്ച് തരുന്നു.
അറ്റവരുമാനം എന്നത് ഒരു കമ്പനിയുടെ എല്ലാ ചെലവുകളും കഴിഞ്ഞതിന് ശേഷം അവശേഷിക്കുന്ന ലാഭമാണ്. (വരുമാനം + മറ്റ് വരുമാനം – ചെലവുകൾ) = അറ്റ വരുമാനം Income = (Revenue + Other income – Expenses)
റവന്യു അഥവാ വരുമാനം എന്നത് ഒരു കമ്പനിയുടെ പ്രധാന ബിസിനസ്സിൽ നിന്നുള്ള നേട്ടങ്ങളെ സൂചിപ്പിക്കുന്നു. ബിസിനസ്സിന്റെ സാധാരണ പ്രവർത്തനങ്ങളിൽ നിന്നല്ലാതെ ഉള്ള നേട്ടങ്ങൾ മറ്റ് വരുമാനത്തിൽ (Other income) ഉൾപ്പെടുന്നു.
കമ്പനി നൽകുന്ന വാടക, നൽകിയ ശമ്പളം, അഡ്മിനിസ്ട്രേറ്റീവ് ചെലവുകൾ എന്നിവ പോലെയുള്ള എല്ലാ ചിലവുകളും എക്സ്പെൻസ് അഥവാ ചിലവ് എന്ന് പറയുന്നു.
കമ്പനിയുടെ എല്ലാ വരുമാനത്തെയും മറികടന്ന് ചെലവ് ഉയർന്നാൽ കമ്പനി അറ്റ നഷ്ടമായി മാറും.
3. ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ്.
കമ്പനിയുടെ പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ പ്രവർത്തനങ്ങളും ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റ് കാണിച്ച് തരുന്നു. ഈ സ്റ്റേറ്റ്മെന്റ് കമ്പനിക്ക് അകത്തേക്കും, പുറത്തേക്കും ഉള്ള എല്ലാ പണമിടപാടുകളുടെയും പ്രത്യേകം ട്രാക്ക് ചെയ്യാൻ സഹായിക്കുന്നു. കമ്പനിയുടെ ലിക്വിഡിറ്റി, സോൾവൻസി, സാമ്പത്തികമായ ഫ്ലെക്സിബിലിറ്റി എന്നിവയെല്ലാം ഇതിൽ കൂടി മനസിലാക്കാവുന്നതാണ്.
ക്യാഷ് ഫ്ലോ സ്റ്റേറ്റ്മെന്റിനെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം:
a. ക്യാഷ് ഫ്ലോ ഫ്രം ഓപ്പറേറ്റിംഗ് ആക്ടിവിറ്റി – ഈ വിഭാഗത്തിൽ കമ്പനിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മൂലമുള്ള അകത്തേക്കും പുറത്തേക്കുമുള്ള പണത്തിന്റെ ഒഴുക്കിനെ കാണിക്കുന്നു.
b. ക്യാഷ് ഫ്ലോ ഫ്രം ഇൻവെസ്ടിംങ് ആക്ടിവിറ്റി – ഇതിൽ കമ്പനിയുടെ നിക്ഷേപങ്ങൾ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, ദീർഘകാല ആസ്തികൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യുക.
c. ക്യാഷ് ഫ്ലോ ഫ്രം ഫിനാൻസിംഗ് ആക്ടിവിറ്റി – ഈ വിഭാഗത്തിൽ കമ്പനിയുടെ കടങ്ങളും ഇക്വിറ്റി ഇടപാടുകളും ഉൾപ്പെടുന്നു.
7. നോട്ട്സ് ടു അക്കൗണ്ട്സ്.
റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകളിൽ കമ്പനി എങ്ങനെയാണ് എത്തിയതെന്ന് കണ്ടെത്തുന്നതിന് സഹായകരമായ രീതിയിൽ ഉള്ള അടിക്കുറിപ്പുകൾ ആണിത്. ഈ അടിക്കുറിപ്പുകൾ ഓരോ സംഖ്യാ ഡാറ്റയുടെയും ചെറു വിവരണമായി പ്രവർത്തിക്കുന്നു. ഇവ കമ്പനിയുടെ അക്കൗണ്ടിംഗ് നടപടിക്രമങ്ങൾ കൂടുതൽ വിശദമായി പരിശോധിക്കുവാൻ സഹായകം ആണ്.
8. ഓഡിറ്റേഴ്സ് റിപ്പോർട്ട്.
കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്റുകൾ പൂർണമായ ശേഷം ഓഡിറ്റർ എല്ലാ രേഖകളും പരിശോധിക്കും. റിപ്പോർട്ട് ചെയ്ത എല്ലാ കണക്കുകളുടെയും വിശ്വാസ്യത അവർ പരിശോധിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു. കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്കളെക്കുറിച്ചുള്ള ഓഡിറ്ററുടെ പക്ഷപാതരഹിതമായ അഭിപ്രായം ഇതിൽ വായിക്കാൻ കഴിയും.
ഉപസംഹാരം: നിങ്ങളുടെ പ്രിയപ്പെട്ട കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ എങ്ങനെ വായിക്കാം.
നിങ്ങളുടെ പ്രിയപ്പെട്ട കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ കമ്പനിയെ മനസ്സിലാക്കാനും സാമ്പത്തിക തീരുമാനങ്ങൾ എടുക്കാനും നിങ്ങളെ സഹായിക്കുന്ന വിവരങ്ങളുടെ ഒരു കലവറയാണ്. ഓരോ കമ്പനിക്കും അവരുടെ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുന്നതിന് അവരുടേതായ രീതി ഉണ്ടായിരിക്കും, എന്നാൽ അവരിൽ ഭൂരിഭാഗവും സമാനമായ ഘടനയാണ് പിന്തുടരുന്നത്. ആയതിനാൽ മുകളിൽ പറഞ്ഞ കാര്യങ്ങൾ നന്നായി മനസിലാക്കിയാൽ കമ്പനികളുടെ വാർഷിക റിപ്പോർട്ടുകൾ വായിക്കുക എന്നത് എളുപ്പം ആയിരിക്കും.
നിക്ഷേപം നടത്തുവാൻ ഇന്ന് തന്നെ മികച്ച ഒരു ഡീമാറ്റ് അക്കൗണ്ട് തുറക്കുക.