പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), മണി ബാക്ക് പോളിസി ഒരു വിലയിരുത്തൽ
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF), മണി ബാക്ക് പോളിസി രണ്ടും തമ്മിൽ വിലയിരുത്താം. ഒരു മണിബാക് പോളിസി എടുത്താൽ പോളിസി കാലാവധി കഴിഞ്ഞു തിരിച്ചു കിട്ടുന്ന തുക നിങ്ങൾ ആകെ അടയ്ക്കുന്ന തുകയേക്കാൾ അല്പം കൂടുതൽ ആയിരിക്കും, ചില കേസുകളിൽ അടയ്ക്കുന്നത്ര തുക തന്നെ ആയിരിക്കും തിരിച്ചു കിട്ടുന്നത്. Tax ഉം പണപ്പെരുപ്പവും ഒക്കെ കൂട്ടി നോക്കിയാൽ ചിലപ്പോൾ വൻനഷ്ടവും ആവും.
12- ഓ 16-ഓ വർഷം കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് അക്കാലത്തെ പണപ്പെരുപ്പം കൂടി കണക്ക് കൂട്ടി നോക്കിയാൽ യാതൊരു ഗുണവും ഉണ്ടാവില്ല.
ഇനി അഥവാ പോളിസി എടുത്ത വ്യക്തി മരണപ്പെട്ടു പോയാൽ കിട്ടുന്ന തുക, ഒരു മണിബാക്ക് പോളിസിയുടെ കാര്യത്തിൽ മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് സാമ്പത്തികമായി ആരെയും ആശ്രയിക്കാതെ ജീവിക്കാൻ പര്യാപ്തം ആകുകയുമില്ല.
ചെറിയ ഒരു മണിബാക്ക് പോളിസിയുടെ കണക്ക് നോക്കാം.
താഴെ കൊടുത്ത പ്രീമിയം കാൽക്കുലേറ്റർ ശ്രദ്ധിക്കു.
ഓരോ വർഷവും 77,871 രൂപ എന്ന കണക്കിൽ 15 വർഷം അടച്ചു കൊണ്ടിരുന്നാൽ 20 വർഷം കഴിഞ്ഞു നിങ്ങൾക്ക് മണിബാക്ക് ആയി 10 ലക്ഷം രൂപ തിരികെ ലഭിക്കും.
ഇനി അഥവാ പോളിസി കാലയളവിൽ എപ്പോഴെങ്കിലും പോളിസി ഹോൾഡറിന് ജീവഹാനി സംഭവിക്കുകയാണെങ്കിൽ 12,50,000 രൂപ കിട്ടും.
പ്രസ്തുത പോളിസിയിൽ മണി ബാക്ക് കിട്ടുന്നതിന്റെ കണക്കു താഴെ കൊടുത്ത പ്രകാരമാണ്.
പ്രീമിയം അടച്ചു തുടങ്ങി 5 വർഷം കഴിഞ്ഞു ആദ്യ മണി ബാക്ക് 2 ലക്ഷം.
10 വർഷം കഴിഞ്ഞു വീണ്ടും 2 ലക്ഷം.
15 വർഷം കഴിഞ്ഞു 2 ലക്ഷം.
20 വർഷം കഴിയുമ്പോ ബാക്കി 4 ലക്ഷം എന്ന ക്രമത്തിൽ.
ഇത് കൂടാതെ ബോണസ് ഇനത്തിൽ 5,60,000 രൂപ വരെ കിട്ടിയേക്കാം, ഇതിന് ഗ്യാരണ്ടി ഇല്ല, കമ്പനി ലാഭത്തിൽ ആണെങ്കിൽ കിട്ടും. ഏതായാലും ബോണസ് കിട്ടും എന്നു തന്നെ വെക്കാം. ആകെ മൊത്തം 20 വർഷം കഴിയുമ്പോൾ ബോണസ് അടക്കം 15,60,000 കിട്ടും.
ഇടയ്ക് കിട്ടുന്ന മണിബാക് തുകകൾ കൂടി ആപ്പോൾ തന്നെ ബാങ്കിൽ നിക്ഷേപിച്ചാൽ ഒരു 5 ലക്ഷം രൂപ കൂടെ ഉണ്ടാക്കാം. അങ്ങനെ വരുമ്പോ മൊത്തം 21 ലക്ഷം രൂപ വരെ കിട്ടാം.
വലിയ കുഴപ്പം ഒന്നും ഇല്ലല്ലോ ലാഭം ആണല്ലോ എന്നു വിചാരിക്കാൻ വരട്ടെ. ഇനി ഇതേ തുക പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവാ PPF ൽ നിക്ഷേപിക്കുക ആണെങ്കിൽ കിട്ടുന്ന തുക എത്രയെന്നു നോക്കാം.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ൽ നിക്ഷേപിച്ചാൽ 21,11,400 രൂപ കിട്ടും. അതും 15 വർഷത്തിൽ തന്നെ. 20 വർഷമൊന്നും ആവാൻ കാത്തു നിൽക്കേണ്ട.
ഇനി 20 വർഷത്തിലെ തുക അറിയണം എങ്കിൽ , ഈ തുക പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഇൽ നിന്നും എടുത്ത്, വീണ്ടും ഒരു 5 വർഷം കൂടെ ബാങ്കിൽ ഇട്ട് ഇരുപതാമത്തെ വർഷം പിൻവലിക്കുകയാണെകിൽ ഏതാണ്ട് 28 ലക്ഷം രൂപയ്ക്കു മുകളിൽ ലഭിക്കും (6% പലിശ നിരക്കിൽ).
ഏതാണ്ട് ആറെഴു ലക്ഷം രൂപ നഷ്ടം..!!!
അതൊക്കെ ശരിതന്നെ, പക്ഷെ ഇതിൽ ഇൻഷുറൻസ് ഇല്ലല്ലോ. അല്ലെ?
അതിനും വഴി ഉണ്ട്.
77000 രൂപയിൽ നിന്നും 7000 രൂപ എടുത്തു ഒരു ടേം പോളിസി (Term Policy) എടുക്കുക.
7000 രൂപയ്ക്ക് 30 വയസുള്ള ഒരു വ്യക്തിക്കു 50–60 ലക്ഷം രൂപയുടെ ടേം പോളിസി കിട്ടും. (ടേം പോളിസി എന്നു വെച്ചാൽ ജീവഹാനി സംഭവിച്ചാൽ മാത്രം പണം ലഭിക്കുന്നത്. ഇതിൽ അടച്ച തുക തിരിക ലഭിക്കില്ല) ഏതാണ്ട് 60–65 വയസ്സു വരെ കവറേജ് ലഭിക്കും. ബാക്കി 70000 രൂപ PPF ൽ നിക്ഷേപിച്ചാലും ഏതാണ്ട് 24 ലക്ഷം രൂപ കിട്ടും.
അപ്പോളും ഏതാണ്ട് 2–3 ലക്ഷം രൂപ ലാഭം തന്നെ, കൂടെ 50 ലക്ഷത്തിന്റെ പോളിസിയും.
എന്നാലും ടാക്സ് കുറയ്ക്കാൻ ഇൻഷുറൻസ് എടുക്കണം അല്ലെ?
PPF നും ടാക്സ് ബെനഫിറ്റ് ഉണ്ട്. അതല്ലെങ്കിൽ ELSS mutual ഫണ്ടുകൾ ഉണ്ട്. ഇൻഷുറൻസിനു കിട്ടുന്ന എല്ലാ ടാക്സ് ബെനഫിറ്റും ഇതിനും ബാധകം ആണ്.
ULIP പോളിസികളും ഏതാണ്ട് ഇത് പോലൊക്കെ തന്നെ. കണക്കുകൾ കുറച്ചു അങ്ങോട്ടും ഇങ്ങോട്ടും മാറും എന്നു മാത്രമേ ഉള്ളൂ.
നിങ്ങളെ സാമ്പത്തികം ആയി ആശ്രയിച്ചു കഴിയുന്നവർ ഉണ്ടെങ്കിൽ ഇൻഷുറൻസ് നിർബന്ധം ആയും എടുക്കണം. ഒരു ടെം പോളിസി എടുത്തു വെക്കുക.
നിങ്ങളുടെ ചിലവുകൾ, ലോണുകൾ തുടങ്ങിയവ കണക്കിൽ എടുത്തു എത്ര വേണം എന്ന് തീരുമാനിക്കുക. ഇൻഷുറൻസും ഇൻവെസ്റ്റ്മെന്റും ആയി കൂട്ടികെട്ടാതിരിക്കുക.
കൂട്ടത്തിൽ ഒരു ആരോഗ്യ ഇൻഷുറൻസ് കൂടെ എടുക്കുക.
വാൽകഷ്ണം: എന്റെ കൈയിലും ഉണ്ട് ഒരു ചെറിയ മണിബാക്. അറിവില്ലാത്ത കാലത്ത് എടുത്തു പോയി. തിരിച്ചറിഞ്ഞു വരുമ്പോൾ തുടരുന്നത് ആണ് ലാഭം എന്ന ഘട്ടത്തിൽ എത്തിയിരുന്നു. അത് കൊണ്ട് ഇപ്പോളും അടച്ചു കൊണ്ടിരിക്കുന്നു.
മുകളിൽ വന്നിരിക്കുന്ന ലേഖനം ലേഖകന്റെ സ്വന്തം അഭിപ്രായം ആണ്.